അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്: ദുരിതത്തിന്റെ ആറാം വർഷത്തിൽ മുറമ്പാത്തി
text_fieldsതിരുവമ്പാടി: അഗസ്ത്യൻ മുഴി-കൈതപ്പൊയിൽ റോഡ് പ്രവൃത്തി ദുരിതം അവസാനിക്കാതെ മുറമ്പാത്തി അങ്ങാടി. 2018 സെപ്റ്റംബറിൽ റോഡ് പ്രവൃത്തി ഉദ്ഘാടനത്തെ തുടർന്ന് ആരംഭിച്ച ദുരിതമാണ് പ്രദേശവാസികൾ ആറാം വർഷത്തിലും അനുഭവിക്കുന്നത്.
18 മാസം കൊണ്ട് പൂർത്തീകരിക്കണമെന്ന കരാറിൽ തുടങ്ങിയ റോഡ് പ്രവൃത്തിയാണ് ഇപ്പോഴും ഇഴയുന്നത്. മുറമ്പാത്തിയിൽ ഓവുചാൽ പ്രവൃത്തി തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.
സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിന്റെ ദുരിതമനുഭവിക്കുന്നത് വ്യാപാരികളും നാട്ടുകാരുമാണ്. പൊടിശല്യവും വെള്ളക്കെട്ടുമെല്ലാം മാസങ്ങളായി അനുഭവിക്കുകയാണ്. അങ്ങാടിയിലെ പ്രധാന റോഡുകൾ ദിവസങ്ങളോളം അടച്ചിടുന്നതും പ്രദേശവാസികളെ പൂർണമായി ദുരിതത്തിലാക്കിയതായി നാട്ടുകാർ പറഞ്ഞു.
21 കി.മീ നീളമുള്ള അഗസ്ത്യൻ മുഴി-കൈതപ്പൊയിൽ റോഡിന്റെ ആദ്യ ഘട്ട ടാറിങ് പലയിടങ്ങളിലും പൂർത്തിയായിട്ടുണ്ട്. മുറമ്പാത്തിയിൽ ഇപ്പോഴും ആദ്യഘട്ട ടാറിങ് നടത്താൻപോലും പ്രവൃത്തി എത്തിയിട്ടില്ല. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ദുരിതത്തിന് പരിഹാരമുണ്ടാകാത്ത പക്ഷം സമരരംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. ബിജു കോമരക്കുടി, കെ. അഷറഫ്, മുനീർ അരിമ്പ്ര, ലിയാഖത്തലി ഇടശ്ശേരി, ഫിറോസ്, അൻവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.