തിരുവമ്പാടിയിലെ അടച്ചുപൂട്ടിയ സ്കൂൾ മൈതാനം തുറന്നേക്കും
text_fieldsതിരുവമ്പാടി: അഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടിയിലെ സ്കൂൾ മൈതാനം വീണ്ടും തുറന്നേക്കും. മൈതാനം അടച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും നവകേരള സദസ്സിലും നാട്ടുകാർ പരാതി നൽകിയിരുന്നു. സർക്കാർ ഇടപെടലിനെ തുടർന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ സ്കൂൾ മാനേജ്മെന്റിനെയും പരാതിക്കാരെയും നോട്ടീസ് നൽകി വിളിപ്പിച്ചതോടെയാണ് മൈതാനം തുറക്കാൻ സാധ്യത തെളിഞ്ഞത്.
ഡി.ഡി.ഇയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മൈതാനം തുറന്നുകൊടുക്കാൻ തീരുമാനമായതായാണ് വിവരം. അഞ്ച് പതിറ്റാണ്ടുമുമ്പ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിനും സേക്രഡ് ഹാർട്ട് യു.പി സ്കൂളിനുമായി സ്ഥാപിച്ചതാണ് മൈതാനം. 2019 ലാണ് മൈതാനം സ്കൂൾ മാനേജ്മെന്റ് അടച്ചുപൂട്ടിയത്. മൈതാനം അടച്ചതോടെ വിദ്യാർഥികളും മറ്റ് കായിക താരങ്ങളും പ്രതിസന്ധിയിലായിരുന്നു.1960ൽ കാരശ്ശേരിയിലെ സ്വകാര്യ വ്യക്തി സൗജന്യമായി സേക്രഡ് ഹാർട്ട് സ്കൂൾ മാനേജ്മെന്റിന് മൈതാന ആവശ്യത്തിന് നൽകിയതാണ് ഒന്നരയേക്കർ സ്ഥലമെന്ന് നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കായികാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നായിരുന്നു സ്ഥലം വിട്ടുനൽകുമ്പോൾ ഉടമയുടെ നിബന്ധന. സ്ഥലം സ്കൂളിന് ആവശ്യമില്ലാത്ത പക്ഷം തനിക്കോ തന്റെ പിന്തുടർച്ചാവകാശികൾക്കോ തിരിച്ചുനൽകണമെന്നും സ്ഥലമുടമ നിർദേശിച്ചതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
തിരുവമ്പാടിയിലെ വിവിധ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മൈതാനം കാണിച്ചാണ് സ്കൂളുകൾക്ക് അംഗീകാരം നേടിയിരുന്നതത്രെ. മൈതാനം അടച്ചുപൂട്ടാൻ മാനേജ്മെന്റിന് അധികാരമില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാണിച്ചു.
അതേസമയം, മാനേജ്മെന്റിന്റെ അനുവാദമില്ലാതെ സ്കൂൾ മൈതാനത്ത് അനധികൃതമായി പ്രവൃത്തി നടത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയതെന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ ആരോപണം. തിരുവമ്പാടി കോസ്മോസ് ക്ലബ് നാല് പതിറ്റാണ്ടോളം കായിക പരിശീലനങ്ങൾക്കും ഫുട്ബാൾ ടൂർണമെന്റുകൾക്കും ഉപയോഗിച്ചിരുന്നത് ഈ മൈതാനമായിരുന്നു. സ്കൂൾ മൈതാനം അടച്ചുപൂട്ടിയതോടെ കായികതാരങ്ങൾക്ക് സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ടിവന്നു. മൈതാനം വീണ്ടും തുറക്കുന്നതോടെ തിരുവമ്പാടിയിലെ കായികതാരങ്ങളുടെ ഏറെനാളായുള്ള ആഗ്രഹമാണ് യാഥാർഥ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.