തിരുവമ്പാടിയിലെ കോവിഡ് മരണം; ആശങ്ക വേണ്ടെന്ന് പഞ്ചായത്ത്
text_fieldsതിരുവമ്പാടി: തിരുവമ്പാടിയിലെ കോവിഡ് മരണത്തിൽ ആശങ്ക വേണ്ടെന്ന് ഗ്രാമപഞ്ചായത്ത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് താഴെ തിരുവമ്പാടി മണ്ണിൽ തൊടികയിൽ കൊളത്താറ്റിൽ അലവി മരിച്ചത്.
രോഗം തീവ്രമായതിനെതുടർന്ന് ചികിത്സയിൽ കഴിഞ്ഞ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വാർത്തകുറിപ്പിൽ അഭ്യർഥിച്ചു. മരണപ്പെട്ട വ്യക്തി മറ്റു രോഗങ്ങൾക്ക് ചികിത്സയിലായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. ശ്വാസകോശ- ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യവകുപ്പ് നൽകിയ വിശദീകരണം.
അതേസമയം, പഞ്ചായത്തിൽ കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. മുതിർന്ന പൗരന്മാരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രതിരോധശേഷി കുറഞ്ഞവർ അനിവാര്യമായ കൂടിച്ചേരലുകളിൽമാത്രം പങ്കെടുക്കുകയും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രം പുറത്തിറങ്ങുകയും ചെയ്യാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങി വീട്ടിൽ തിരിച്ചെത്തുന്ന എല്ലാവരും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സതേടണമെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.