തിരുവമ്പാടിയിലെ അടച്ചുപൂട്ടിയ സ്കൂൾ മൈതാനം തുറക്കാൻ ഡി.ഡി.ഇ ഉത്തരവ്
text_fieldsതിരുവമ്പാടി: അഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം തുറക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. മൈതാനം സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കായിക പരിശീലനത്തിന് ഉപയോഗിക്കാമെന്ന് ഡി.ഡി.ഇ സി. മനോജ് കുമാർ ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് ഉടൻ നടപ്പാക്കണമെന്നുൃ ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
വ്യക്തികളോ സംഘടനകളോ സാമ്പത്തിക ലാഭത്തിന് മൈതാനം ഉപയോഗിക്കുന്നില്ലെന്ന് സ്കൂൾ പി.ടി.എ ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മൈതാനം അടച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും നവകേരള സദസ്സിലും വ്യക്തികളും സംഘടനകളും പരാതി നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ നിർദേശപ്രകാരം ഡി.ഡി.ഇ ആഗസ്റ്റ് 14 ന് സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, പരാതിക്കാർ എന്നിവരുടെ ഹിയറിങ് നടത്തിയിരുന്നു. തുടർന്ന്, സ്കൂൾ മൈതാനം തുറക്കാൻ തീരുമാനമായത് മാധ്യമം ഓഗസ്റ്റ് 19 റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിനും സേക്രഡ് ഹാർട്ട് യു.പി സ്കൂളിനുമായി നിർമിച്ചതാണ് മൈതാനം. 2019 ലാണ് മൈതാനം സ്കൂൾ മാനേജ്മെന്റ് അടച്ചുപൂട്ടിയത്.
മൈതാനം അടച്ചതോടെ സ്കൂൾ വിദ്യാർഥികളും മറ്റ് കായിക താരങ്ങളും പ്രതിസന്ധിയിലായിരുന്നു. 1960 ൽ കാരശ്ശേരിയിലെ സ്വകാര്യ വ്യക്തി സൗജന്യമായി സേക്രഡ് ഹാർട്ട് സ്കൂൾ മാനേജ്മെന്റിന് മൈതാന ആവശ്യത്തിന് നൽകിയതാണ് ഒന്നര ഏക്കർ സ്ഥലമെന്ന് നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നായിരുന്നു സ്ഥലം വിട്ട് നൽകുമ്പോൾ ഉടമയുടെ നിബന്ധന.
സ്ഥലം സ്കൂളിന് ആവശ്യമില്ലാത്ത പക്ഷം തനിക്കോ തന്റെ പിന്തുടർച്ചാവകാശികൾക്കോ തിച്ചേുനൽകണമെന്നും സ്ഥല ഉടമ നിർദേശിച്ചതായി പരാതിയിൽ ചൂണ്ടികാണിച്ചിരുന്നു. അതേസമയം, തങ്ങളുടെ അനുവാദമില്ലാതെ സ്കൂൾ മൈതാനത്ത് അനധികൃതമായി പ്രവൃത്തി നടത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയതെന്നാണ് മാനേജ്മെന്റ് ആരോപണം.
തിരുവമ്പാടി കോസ്മോസ് ക്ലബ് നാല് പതിറ്റാണ്ടോളം കായിക പരിശീലനങ്ങൾക്കും ഫുട്ബോൾ ടൂർണമെന്റുകൾക്കും ഉപയോഗിച്ചിരുന്നത് ഈ മൈതാനമായിരുന്നു. സ്കൂൾ മൈതാനം അടച്ചതോടെ കായിക താരങ്ങൾ കായിക പരിശീലനങ്ങൾക്ക് സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ടി വന്നു. മൈതാനം വീണ്ടും തുറക്കുന്നതോടെ തിരുവമ്പാടിയിലെ കായിക താരങ്ങളുടെ ഏറെ നാളായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.