തടയണ പൊളിക്കൽ: കൂടരഞ്ഞി പഞ്ചായത്ത് നിലപാട് നിർണായകം
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിനോടനുബന്ധിച്ച നാലു തടയണകൾ പൊളിക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിൽ കൂടരഞ്ഞി പഞ്ചായത്ത് നിലപാട് നിർണായകമാവും. തടയണകൾ ഒരു മാസത്തിനകം ഉടമ പൊളിച്ച് മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി പൊളിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ഇടതുമുന്നണിയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയ ഇടതു - വലതു മുന്നണികൾക്ക് കക്കാടംപൊയിലിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ നിഷേധാത്മ സമീപനമാണുള്ളതെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു.
അതേസമയം, തടയണകൾ പൊളിക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ 'മാധ്യമ'ത്തോടു പറഞ്ഞു. കേരള നദീ സംരക്ഷണ സമിതി നൽകിയ പരാതിയിൽ ഹൈകോടതി നിർദേശത്തെ തുടർന്നാണ് തടയണകൾ പൊളിക്കാൻ ജില്ല കലക്ടർ ഉത്തരവ് നൽകിയത്.
തടയണ സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞ ഡിസംബറിൽ ഹൈകോടതി നിർദേശിച്ചെങ്കിലും ജില്ല കലക്ടർ നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടികളെ തുടർന്നാണ് കലക്ടറുടെ ഇപ്പോഴത്തെ ഉത്തരവ്.തടയണകൾ സൃഷ്ടിക്കുന്ന ദുരന്ത സാധ്യത സംബന്ധിച്ച് 2020 ജനുവരി 20 ന് അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ വിശദ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ജില്ല സോയിൽ കൺസർവേഷൻ ഓഫിസറും ജില്ല ജിയോളജിസ്റ്റും തടയണകൾക്കെതിരെ റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.