വരൾച്ച, കുടിവെള്ളക്ഷാമം; മലയോര മേഖല പ്രതിസന്ധിയിൽ
text_fieldsതിരുവമ്പാടി: നാലു മാസമായി മഴ പെയ്യാത്ത മലയോര മേഖല വരൾച്ചയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ നാമമാത്രമായി മഴ പെയ്തത് വരൾച്ചക്ക് ഒട്ടും ആശ്വാസമായില്ല. ഇതോടെ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി.
തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ വാഹനങ്ങളിൽ ജലവിതരണം നടക്കുന്നുണ്ട്. ജലക്ഷാമം അനുഭവിക്കുന്ന എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്. ജല അതോറിറ്റി കുടിവെള്ള വിതരണവും പേരിന് മാത്രമാണുള്ളത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമത്തെത്തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്നു.
നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് മറിയപുരത്തെ സ്വകാര്യ ജലസ്രോതസ്സിൽനിന്നാണ് വാഹനത്തിൽ ജലവിതരണം നടത്തിയിരുന്നത്. ഇവിടെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുകയാണ്. കാളിയാംപുഴയിലെ ജലസ്രോതസ്സ്, അത്തിപ്പാറ കുടിവെള്ള പദ്ധതി കിണർ, മുളങ്കടവ് ജലനിധി കുളം, ഇരുമ്പകത്തെ ജലനിധി കുളം എന്നിവ അധിക ജലസ്രോതസ്സുകളായി കണ്ടെത്താൻ ഭരണസമിതി തീരുമാനിച്ചു.
ഇരുവഴിഞ്ഞിപ്പുഴ, പൊയിലിങ്ങാപുഴ, തോടുകൾ, പൊതു ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽനിന്ന് സ്വകാര്യ ആവശ്യത്തിനായി മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യുന്നത് നിരോധിച്ചു.
ഗ്രാമപഞ്ചായത്തിലെ പൊതു ജലസ്രോതസ്സുകളിൽ സ്ഥാപിച്ച മോട്ടോറുകൾ ഉടൻ എടുത്തുമാറ്റാത്തവർക്കെതിരെ നടപടി സ്വീകരിക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മുഴുവൻ വാർഡുകളിലുമായി പ്രതിദിനം ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.
വരൾച്ച: തൊട്ടിൽപാലം പുഴയുടെ ഒഴുക്ക് നിലക്കുന്നു
കുറ്റ്യാടി: കനത്ത ചൂടിൽ കുറ്റ്യാടി പുഴയുടെ പ്രധാന പോഷകനദിയായ തൊട്ടിൽപാലം പുഴയുടെ ഒഴുക്കുനിലക്കുന്നു. തൊട്ടിൽപാലം ടൗണിന് സമീപമാണ് വെള്ളം വറ്റിയ നിലയിൽ കാണപ്പെടുന്നത്. തൊട്ടിൽപാലം പുഴയുടെ പോഷക നദികളായ പാട്യാട്ട് പുഴ, കരിങ്ങാട് പുഴ എന്നിവ നേരത്തെ വറ്റിയിരുന്നു.
പുഴയിൽ വോട്ടോറ കുടിവെള്ള പദ്ധതി, തൊട്ടിൽപാലം കുടിവെള്ള പദ്ധതി എന്നിവക്കുവേണ്ടിയ ബണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതി കനാലിലെ ചോർച്ചമൂലം പുഴയിൽ വെള്ളം എത്തുന്നതിനാലാണ് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.