വരൾച്ച: തിരുവമ്പാടിയിൽ ഒമ്പത് ഹെക്ടർ വാഴകൃഷിയെ ബാധിച്ചെന്ന് കൃഷിവകുപ്പ്
text_fieldsതിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ വരൾച്ചയിൽ ഒമ്പത് ഹെക്ടർ സ്ഥലത്തെ വാഴകൃഷിക്ക് നാശനഷ്ടമുണ്ടായതായി കൃഷിവകുപ്പ് ജില്ല ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. തിരുവമ്പാടി തൊണ്ടിമ്മലിൽ വിനോദ്, തടപറമ്പിൽ വേണുദാസ് എന്നിവരുടെ വരൾച്ചയിൽ നശിച്ച വാഴത്തോട്ടമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചത്.
നാല് ഹെക്ടർ വാഴത്തോട്ടം പൂർണമായി നശിച്ചു. അഞ്ച് ഹെക്ടർ സ്ഥലത്തെ വാഴകൃഷി ഉൽപാദനത്തെ വരൾച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജാതി, കമുക്, തെങ്ങ്, പച്ചക്കറി, ഏലം കൃഷികളും കടുത്ത വേനലിൽ നശിച്ചിട്ടുണ്ട്. കർഷകർക്ക് 40 മുതൽ 60 ശതമാനം വരെ ഉൽപാദന നഷ്ടമുണ്ടായിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് വാഴ കൃഷി ചെയ്ത കർഷകർക്ക് ഉണ്ടായത്.
കൃഷിനാശം സംബന്ധിച്ച വിശദ റിപ്പോർട്ട് കൃഷി വകുപ്പിന് സമർപ്പിക്കും. കൃഷിനാശമുണ്ടായ സ്ഥലം വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസി. ഡയറക്ടർ ഡോ. പ്രിയ മോഹൻ, തിരുവമ്പാടി കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.