കൃഷിക്കാരെ കുടിയൊഴിപ്പിക്കൽ: വ്യാജ പ്രചാരണമെന്ന് എൽ.ഡി.എഫ്
text_fieldsതിരുവമ്പാടി: തിരുവമ്പാടി വില്ലേജിലെ മറിപ്പുഴ, നെല്ലിപ്പൊയിൽ വില്ലേജിലെ കുണ്ടംതോട് പ്രദേശങ്ങളിലെ കൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നതിന് വനം വകുപ്പ് നോട്ടീസ് നൽകി എന്ന യു.ഡി.എഫ് പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി.
1982ലെ കുന്നമംഗലം ലാൻഡ് ട്രൈബ്യൂണൽ വിധിക്കെതിരായി വനംവകുപ്പ് കണ്ണൂർ അപ്പലറ്റ് അതോറിറ്റിക്ക് നൽകിയ അപ്പീലിെൻറ തുടർനടപടിക്കായി ഹാജരാകുന്നതിന് 2021 ജനുവരിയിൽ കർഷകർക്ക് നൽകിയ നോട്ടീസ് ആണ് ലഭിച്ചത്.
അതോടൊപ്പം വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിെൻറ പകർപ്പും ഉണ്ട്. അതിൽ വനംവകുപ്പ് അതോറിറ്റിക്ക് നൽകിയ അവരുടെ നിലപാട് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നത്. ഇതെല്ലാം അപ്പ്ലറ്റ് അതോറിറ്റിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്.
1977നു മുമ്പ് ഭൂമി കൈവശം വെച്ചുവരുന്ന ഒരു കൃഷിക്കാരനെയും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പട്ടയം നൽകണമെന്നും ഇടതുമുന്നണിയുടെയും കേരള സർക്കാരിെൻറയും പ്രഖ്യാപിത നിലപാടാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജോർജ് എം.തോമസ് എം.എൽ.എ യുടെ നിർദേശപ്രകാരം ജില്ല കലക്ടർ വിളിച്ച കർഷകരുടെ യോഗത്തിലും റവന്യൂ-വനംവകുപ്പുകളുടെ ജോയിൻറ് വെരിഫിക്കേഷന് ശേഷവും മാത്രമേ തുടർനടപടി ഉണ്ടാകൂവെന്ന് തീരുമാനിച്ചതാണ്.
സർക്കാർ നയത്തിനു വിരുദ്ധമായി കൃഷിക്കാരെ പീഡിപ്പിക്കുന്നതിന് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാർ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. യു.ഡി.എഫിന് രാഷ്ട്രീയ പ്രചാരണം നൽകാൻ കഴിയുന്ന വിധത്തിൽ ചില ഉദ്യോഗസ്ഥന്മാർ പെരുമാറുന്നുണ്ട്. സർക്കാരും അധികാരികളും ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെങ്കിൽ സി.പി.എം പ്രത്യക്ഷ സമരനടപടികളുമായി കൃഷിക്കാരെ സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങുമെന്നും ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ അറിയിച്ചു.
സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചു. സംഘത്തിൽ ഏരിയ സെക്രട്ടറിക്കുപുറമേ ഏരിയ കമ്മിറ്റി അംഗങ്ങളായ വി.കെ. പീതാംബരൻ,ജോളി ജോസഫ്, വി.കെ വിനോദ്, ജോണി ഇടശ്ശേരി, സി.എൻ. പുരുഷോത്തമൻ, കെ.പി. ചാക്കോച്ചൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി. ആൻറണി, കെ.എം. ബേബി, പി.ടി. അഗസ്റ്റിൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.