മർദനമേറ്റ് പിതാവിന്റെ മരണം: മകന്റെ അറസ്റ്റ് സംഭവം വിവാദമായശേഷം
text_fieldsതിരുവമ്പാടി: ചികിത്സയിൽ കഴിയവേ മരിച്ച ആനക്കാംപൊയിൽ മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യന്റെ (76) മരണത്തിൽ മകന്റെ അറസ്റ്റ് നടന്നത് സംഭവം വിവാദമായതിന് പിന്നാലെ. മകൻ അഭിലാഷ് മർദിച്ചിരുന്നതായി ചികിത്സയിലിരിക്കെ മാതാപിതാക്കൾ മൊഴി നൽകിയിരുന്നു.
സ്വത്ത് ആവശ്യപ്പെട്ടുള്ള മർദനം മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം മകനെതിരെ തിരുവമ്പാടി പൊലീസ് ഏപ്രിൽ ആദ്യവാരം കേസെടുത്തിരുന്നു. എന്നാൽ, ഏപ്രിൽ 14ന് സെബാസ്റ്റ്യൻ മരിച്ചതോടെ മർദനക്കേസിൽ നടപടി സ്വീകരിക്കാത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് രണ്ടാമത്തെ പ്രഥമവിവര റിപ്പോർട്ട് തയാറാക്കി.
ഇതോടെ, പൊലീസ് മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണമുയർന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്. ഇതിനിടെ, ഭരണമുന്നണിയിലെ പ്രധാന കക്ഷിയാണ് കേസന്വേഷണം മന്ദഗതിയിലാക്കിയതെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ മരണം നടന്ന ഉടൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ തിരുവമ്പാടി സ്വദേശിയായ ആനടിയിൽ സൈതലവിയുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തതും പൊലീസിന് സമർദമായി. മരണം നടന്ന് ഒമ്പതുദിവസത്തിന് ശേഷമാണ് കേസിൽ ഞായറാഴ്ച പ്രതിയുടെ അറസ്റ്റ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.