അശാസ്ത്രീയ മാലിന്യ സംസ്കരണം; ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധന
text_fieldsതിരുവമ്പാടിയിലെ വിദ്യാലയത്തിൽ പ്ലാസ്റ്റിക് കത്തിച്ചത് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കുന്നു
തിരുവമ്പാടി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടിയിൽ മിന്നൽ പരിശോധന നടത്തി. വിദ്യാലയത്തിനും വ്യാപാര സ്ഥാപനങ്ങൾക്കുമുൾപ്പെടെ 30,000 രൂപയുടെ പിഴ ചുമത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ, പഴം-പച്ചക്കറി വിപണന കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, സ്കൂൾ എന്നിവ ഉൾപ്പെടെ 14 സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. വ്യാപാര സ്ഥാപനത്തിൽനിന്ന് 29 കിലോ ഡിസ്പോസിബിൾ കപ്പ്, പ്ലേറ്റ്/കാരിബാഗ് എന്നിവ പിടിച്ചെടുത്തു.
പുതുതായി പ്രവർത്തനം തുടങ്ങിയ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളെക്കുറിച്ചുള്ള അവബോധമില്ലെന്ന് സ്ക്വാഡ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വില്ലകളിലെ ആറു കെട്ടിടങ്ങളിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസ് നിലവിലുള്ളത്. ഹോട്ടലിൽ ഫ്രീസർ പ്രവർത്തനമില്ലാത്ത ഫ്രിഡ്ജിൽ പഴകിയ ഭക്ഷണം സൂക്ഷിച്ച നിലയിലും സോക്പിറ്റിൽനിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നതും പരിശോധനയിൽ കണ്ടെത്തി.
ഇൻസിനറേറ്റർ സംവിധാനമുള്ള റിസോർട്ടുകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചതായി സ്ക്വാഡ് കണ്ടു. യു.പി സ്കൂളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും അത് കത്തിച്ച നിലയിലും കണ്ടെത്തി. ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടർച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. പരിശോധനക്ക് തദ്ദേശ വകുപ്പിലെ വനിത ക്ഷേമ എക്സ്റ്റൻഷൻ ഓഫിസർ ഷീബ, ജോ. ഡയറക്ടർ ഓഫിസ് സ്റ്റാഫ് വി.കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.