മലയോരത്ത് മലവെള്ളപ്പാച്ചിൽ
text_fieldsതിരുവമ്പാടി: മലയോര മേഖലയിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷമുണ്ടായ കനത്ത മഴയെതുടർന്ന് മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി കുളിരാമുട്ടിയിൽ പുഴ കരകവിഞ്ഞ് കുളിരാമുട്ടി ബൈപ്പാസ് റോഡ് പാലത്തിൽ വെള്ളം കയറി. ഉച്ചക്ക് രണ്ടിന് തുടങ്ങിയ മഴ രണ്ടര മണ്ടിക്കൂർ നീണ്ടു. ഉറുമി ഭാഗത്തും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി മുത്തപ്പൻപ്പുഴ മറിപ്പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
ഇരുവഴിഞ്ഞിപ്പുഴയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിലും ഭീതിജനകമായിരുന്നു മലവെള്ളപ്പാച്ചിൽ. പുന്നക്കൽ പൊയിലിങ്ങാ പുഴയിലും ജലവിതാനം പെട്ടെന്ന് ഉയർന്നു. മലയോര മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൂടരഞ്ഞി പൂവാറം തോട് വനമേഖലയിലും തിരുവമ്പാടി മുത്തപ്പൻ പുഴ വെള്ളരിമലയിലും വനത്തിലുണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പെയ്ത കനത്ത മഴ തിരുവമ്പാടി ടൗണിൽ ബസ് സ്റ്റാൻഡിലും ഹൈസ്കൂൾ റോഡിലും വെള്ളക്കെട്ടിനിടയാക്കിയിരുന്നു.
ഓവുചാല്‍ നിർമിക്കാതെ റോഡ് ഉയർത്തി നവീകരിച്ചു; വള്ളിയോത്ത് ഭാഗത്ത് വീടുകളിൽ വെള്ളം കയറി
എകരൂൽ: ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയിൽ ഇയ്യാട് റോഡിൽ വള്ളിയോത്ത് ഊരംപൊയിൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറി ജനം ദുരിതത്തിലായി. പ്രധാന റോഡ് ഉയർത്തി നവീകരിച്ചത് കാരണം മഴവെള്ളം ഒഴിഞ്ഞുപോകാൻ മാർഗമില്ലാതെ വന്നതോടെയാണ് തൊട്ടടുത്ത വീടുകളിൽ വെള്ളം കയറിയത്. ഊരംപൊയിൽ സലാം, റഫീഖ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. എകരൂൽ-ഇയ്യാട് റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ ഓവുചാൽ നിർമാണമാണ് ഇവിടെ വെള്ളം കെട്ടിനിൽക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഈ ഭാഗത്ത് ഓവുചാൽ നിർമിക്കാതെയാണ് റോഡ് ഉയർത്തി നവീകരണ പ്രവൃത്തി നടക്കുന്നത്. പ്രധാന റോഡ് ഉയർത്തിയതോടെ രണ്ടടിയോളം താഴ്ചയിലാണ് ഉൾനാടൻ റോഡുകൾ ഉള്ളത്. ഈ ഭാഗത്ത് ഓവുചാല്‍ നിർമിക്കാത്തത് കാരണം മഴവെള്ളം പ്രധാന റോഡിൽനിന്ന് താഴ്ന്നുകിടക്കുന്ന ഉൾനാടൻ റോഡുകളിലേക്കും വശങ്ങളിലുള്ള വീടുകളിലേക്കുമാണ് ഒഴുകുന്നത്.
ഓവുചാൽ നിർമിക്കാതെ റോഡ് ഉയർത്തിയാൽ പ്രദേശത്ത് വീടുകൾ വെള്ളത്തിൽ മുങ്ങുമെന്ന് നിർമാണസമയത്ത് കരാറുകാരോട് പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഓവുചാൽ നിർമാണത്തിന് ആവശ്യമായ ഫണ്ടില്ലെന്ന കാരണമാണ് റോഡ് നവീകരിക്കുന്ന കരാറുകൾ പറയുന്നത്.
ശക്തമായ മഴയിൽ മതിലിടിഞ്ഞു; വീട് അപകട ഭീഷണിയിൽ
താമരശ്ശേരി: ശക്തമായ മഴയിൽ മതിലിടിഞ്ഞു വീണത് വീടിന് ഭീഷണിയായി. തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലാണ് ചെമ്പായി അഹമ്മദ് കുട്ടിയുടെ വീടിന്റെ ചുറ്റുമതിൽ തകർന്നു വീണത്. മലയോര മേഖലയിൽ ദിവസങ്ങളായുള്ള കാലം തെറ്റി പെയ്യുന്ന മഴ വലിയ നാശനഷ്ടങ്ങൾക്കാണ് കാരണമായത്. കൃഷികൾക്കും വ്യാപകമായ നാശം സംഭവിച്ചു. ചൊവ്വാഴ്ചയും ദേശീയ പാതയിൽ താമരശ്ശേരി ടൗണിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.