സർക്കാർ ഫണ്ട് നിലച്ചു; നിർമാണം പാതിവഴിയിലായി 14 ആദിവാസി കുടുംബങ്ങളുടെ വീട്
text_fieldsകൂടരഞ്ഞി പനക്കച്ചാൽ പീലിക്കുന്നിലെ ആദിവാസി കുടുംബങ്ങളുടെ വീടുകൾ
പൂർത്തീകരിക്കാത്ത നിലയിൽ
തിരുവമ്പാടി: സർക്കാർ ഫണ്ട് നിലച്ചതോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പനക്കച്ചാൽ ചുള്ളിയകം ആദിവാസി കോളനിയിലെ 14 കുടുംബങ്ങളുടെ വീട് നിർമാണം പാതിവഴിയിൽ. 2018ലെ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ആദിവാസി കുടുംബങ്ങൾക്കായി പനക്കച്ചാൽ പീലിക്കുന്നിൽ ഒരേക്കർ അഞ്ച് സെന്റ് ഭൂമിയാണ് ലൈഫ് പദ്ധതിയിൽ വീട് നിർമാണത്തിനായി വാങ്ങിയത്.
ഒരുകുടുംബത്തിന് അഞ്ച് സെന്റ് ഭൂമിയാണ് വീടിനായി അനുവദിച്ചത്. 17 കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതി 2023ലാണ് തുടങ്ങിയത്. ശ്മശാനം, കുളം, സാംസ്കാരിക നിലയം എന്നിവ നിർമിക്കാനായി 15 സെന്റ് ഭൂമിയും നീക്കിവെച്ചിട്ടുണ്ട്. പദ്ധതി തറക്കല്ലിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും 14 വീടുകളുടെ നിർമാണം പൂർത്തിയായിട്ടില്ല. മൂന്ന് വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്.
പൂർത്തീകരിക്കാത്ത 14 വീടുകൾ താമസ യോഗ്യമാക്കാൻ വാതിൽ, ജനൽ, വയറിങ്, ടൈൽസ് തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കണം. താമസിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രവൃത്തി പൂർത്തീകരിക്കാത്ത അഞ്ച് വീടുകളിൽ ആദിവാസി കുടുംബങ്ങൾ താമസം തുടങ്ങിയിട്ടുണ്ട്.
പുനരധിവാസ പദ്ധതി നടപ്പാക്കുന്ന സ്ഥലത്ത് കുടിവെള്ള സൗകര്യമില്ലെന്ന് പരാതിയുമുണ്ട്. രോഗികൾ ഉൾപ്പെടെ ദുരിതമനുഭവിക്കുന്നവരാണ് പണി പൂർത്തിയാകാത്ത വീടുകളിൽ കഴിയുന്നത്. ഭവന പദ്ധതി പ്രദേശത്തേക്ക് റോഡ് സൗകര്യവും യാഥാർഥ്യമായിട്ടില്ല. പ്രധാന റോഡിൽ നിന്ന് 200 മീറ്റർ സഞ്ചരിച്ചാലേ പീലിക്കുന്നിലെ പുനരധിവാസ പദ്ധതി പ്രദേശത്ത് എത്താനാകൂ.
ഇവിടേക്കുള്ള പാതയിൽ മെറ്റൽ പോലും പാകിയിട്ടില്ല. ലൈഫ് ഭവന പദ്ധതിയിലെ അനിശ്ചിതാവസ്ഥയാണ് വീടുകൾ യാഥാർഥ്യമാകാൻ തടസ്സമെന്ന് പനക്കചാൽ വാർഡ് അംഗം ജോണി വാളി പ്ലാക്കൽ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ ഘട്ടംഘട്ടമായാണ് ഫണ്ട് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പീലിക്കുന്ന് പുനരധിവാസ പദ്ധതി മൂന്ന് മാസത്തിനകം പൂർത്തീകരിക്കുമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ശേഷിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.