ഹൈകോടതി വിധി: കക്കാടംപൊയിൽ തടയണ പൊളിക്കൽ തുടങ്ങി
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ അനധികൃത തടയണകൾ സ്ഥല ഉടമ പൊളിച്ച് തുടങ്ങി. പ്രദേശത്തെ പീ.വീ.ആര് നാച്വറോ റിസോര്‍ട്ടില്‍ നാല് വർഷം മുമ്പ് നിർമിച്ച നാല് അനധികൃത തടയണകൾ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് ഫെബ്രുവരി രണ്ടിനാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
തടയണകൾ ഉടമ പൊളിക്കാത്ത പക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊളിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി 2017 ലാണ് റിസോർട്ടുകൾ നിർമിച്ചത്. തടയണകൾക്കെതിരെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടി കാട്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കക്കാടംപൊയിൽ സ്വദേശി കെ.വി. ജിജു പരാതി നൽകിയിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി അനുമതിയില്ലാതെ മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയും നിർമിച്ചെന്നായിരുന്നു പരാതി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലന്‍സ് സ്ക്വാഡിനും പരാതി നല്‍കിയിരുന്നു. അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിർമിച്ചതെന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതേ തുടർന്ന് കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി. രാജന് ഹൈക്കോടതിൽ നൽകിയ ഹരജിയിലാണ് തടയണകൾ പൊളിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.