മലയോര ഹൈവേ ശനിയാഴ്ച തുറക്കും
text_fieldsമലയോര ഹൈവേ ആകാശ ദൃശ്യം
തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ശനിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. മലയോരത്തിന്റെ ടൂറിസം വികസനത്തിന് സാധ്യതകൾ തുറക്കുന്നതാണ് 34 കി.മീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്.
195 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിർമാണം നടക്കുന്നത്.
മലയോര ഹൈവേയുടെ ഭാഗമായ കൂടരഞ്ഞി ബൈപാസ് റോഡ്
ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. കോടഞ്ചേരി , തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയിൽ ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
പാതയുടെ ഇരുവശങ്ങളിലും ഓവുചാൽ നിർമിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍, ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകൾ, സൗരോർജ വിളക്കുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ബന്ധിപ്പിക്കുന്നത് ഇവയെ
നിർദിഷ്ട തുരങ്ക പാതയിലേക്കെത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡ്, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇരുവിഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവ്, തുഷാരഗിരി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കും. പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടുനൽകിയ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. സ്ഥലം വിട്ടുനൽകിയവർക്ക് സംരക്ഷണ ഭിത്തി നിർമിച്ചു നൽകി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമാണ കരാർ.
മലയോര ഹൈവേയുടെ പ്രത്യേകത
ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസർകോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തത്.
സർക്കാർ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഇതിന്റെ ആകെ നീളം 1,166.27 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിർമാണ പ്രവൃത്തികൾക്ക് കിഫ്ബിയാണ് ധനസഹായം നൽകുന്നത്. ഏകദേശം 250 കിലോമീറ്റർ മലയോര ഹൈവേയുടെ നിര്‍മാണം 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.