മലയോര ഹൈവേ: കോടഞ്ചേരി–കക്കാടംപൊയിൽ റീച് പ്രവൃത്തി തുടങ്ങി
text_fieldsതിരുവമ്പാടി: മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീചിെൻറ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. പുല്ലൂരാംപാറയിൽ സജ്ജീകരിച്ച വേദിയിലാണ് ഓൺലൈൻ വഴി ഉദ്ഘാടനം നടന്നത്. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷതവഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ടി.ജെ. കുര്യച്ചൻ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ വിശ്വപ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ വിനയരാജ്, അസി. എക്സി. എൻജിനീയർ മിഥുൻ, ജോളി ജോസഫ്, കെ. മോഹനൻ, ടി.എം. ജോസഫ്, അബ്ദുല്ല കുമാരനെല്ലൂർ എന്നിവർ സംസാരിച്ചു.
കാസർകോട് നന്ദാരപ്പടവു മുതൽ പാറശ്ശാല വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ ജില്ലയിലെ പ്രവൃത്തിക്കാണ് തുടക്കം കുറിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത കോടഞ്ചേരിയിൽനിന്ന് തുടങ്ങി പുലിക്കയം, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റ് ഒാഫിസ് ജങ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട് വഴി കക്കാടംപൊയിലിൽ എത്തും.
അടുത്ത ഘട്ടത്തിൽ മലപ്പുറം ജില്ലയിൽ പ്രവേശിച്ച് നിലമ്പൂർ വഴി കടന്നുപോകും. 34.3 കി.മീ നീളമുള്ള പാത 12 മീറ്റർ വീതിയിൽ ഹൈവേ നിലവാരത്തിലാണ് നിർമിക്കുന്നത്.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഏഴ് മീറ്റർ വീതിയിൽ കാര്യേജ് വേ, ശാസ്ത്രീയ രീതിയിലുള്ള ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇൻറർലോക്ക് നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറുകിട പാലങ്ങളും സൈൻബോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ് ബേകൾ തുടങ്ങിയവ പാതയിലുൾപ്പെടും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപക്ക് പ്രവൃത്തി കരാറെടുത്തിട്ടുള്ളത്. 24 മാസമാണ് നിർമാണ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.