മലയോരം വന്യജീവി ഭീഷണിയിൽ
text_fieldsതിരുവമ്പാടി: ആനക്കാംപൊയിൽ കണ്ടപ്പൻ ചാലിൽ പകൽ സമയത്ത് പുലിയെ കണ്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പ്രദേശവാസികൾ കണ്ടപ്പൻചാലിൽ നടുകണ്ടത്ത് പുലിയെ കണ്ടത്. തുടർന്ന് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയെ പിടികൂടാൻ കഴിഞ്ഞദിവസം ഇവിടെ കൂട് സ്ഥാപിച്ചിരുന്നു.
ഈ കൂടിനടുത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. പകൽ പുലിയെ കണ്ടതോടെ ജനവാസ കേന്ദ്രമായ കണ്ടപ്പൻചാലിൽ നാട്ടുകാർ ഭീതിയിലാണ്.
കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രിയിൽ കണ്ടപ്പൻചാൽ ചെറുകിട ജലവൈദ്യുത പദ്ധതി കെട്ടിടത്തിലെ സി.സി.ടി.വി കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലിയും രണ്ട് കുഞ്ഞുങ്ങളും നടന്നുപോകുന്നതാണ് വ്യാഴാഴ്ച സി.സി. ടി.വിയിൽ കണ്ടത്.
കാട്ടുപന്നി ആക്രമണം; ഞായറാഴ്ച കാടിളക്കി നായാട്ട്
തോട്ടുമുക്കം: തോട്ടുമുക്കത്ത് റിട്ട. അധ്യാപികയെ പട്ടാപ്പകൽ കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്.ഞായറാഴ്ച പ്രദേശത്ത് കാടിളക്കി നായാട്ട് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അറിയിച്ചു.
എം. പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന നായാട്ടിൽ പ്രദേശത്തെ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനാവുമെന്നാണ് പ്രതീക്ഷ. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്രിസ്റ്റീനക്ക് അടിയന്തരമായി 10,000 രൂപ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അധ്യാപിക നടുവത്താനിയിൽ ക്രിസ്റ്റിന (74)ക്ക് കൈക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
തോട്ടുമുക്കം: റിട്ട. അധ്യാപികയെ കാട്ടുപന്നി അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് ചെങ്ങളംതകിടിയിൽ ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് കെ.ജി. ഷിജിമോൻ അധ്യക്ഷത വഹിച്ചു. അബ്ദു തീരുനിലത്ത്, കുര്യൻ മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.