കക്കാടംപൊയിലിലെ അനധികൃത തടയണകൾ; അഭിഭാഷക കമീഷന്റെ പരിശോധന ഏകപക്ഷീയമെന്ന് ആക്ഷേപം
text_fieldsതിരുവമ്പാടി: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ നേരത്തേയുണ്ടായിരുന്ന കക്കാടംപൊയിലിലെ വിവാദമായ നാല് തടയണകൾ പരിശോധിക്കാൻ സ്ഥലത്തെത്തിയ അഭിഭാഷക കമീഷൻ ഏകപക്ഷീയമായാണ് തെളിവ് സ്വീകരിച്ചതെന്ന് ആക്ഷേപം. ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻ തിങ്കളാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് വിവാദ തടയണകൾക്ക് സമീപത്തെ റിസോർട്ടിൽ പരാതികൾ കേട്ടത്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണകൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയ കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ, കമീഷന് തെളിവുകൾ നൽകി. എന്നാൽ, കക്കാടംപൊയിലിലെ പരിസ്ഥിതി പ്രവർത്തകൻ ജിജു കള്ളിപ്പാറ ഉൾപ്പെടെയുള്ളവർ അഭിഭാഷക കമീഷനെ കാണാൻ എത്തിയിരുന്നെങ്കിലും സ്വകാര്യ റിസോർട്ടുമായി ബന്ധപ്പെട്ടവർ കടത്തിവിട്ടില്ല. തങ്ങൾക്ക് പറയാനുള്ളത് കമീഷനെ അറിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ ശ്രമിക്കുമെന്ന് ജിജു കള്ളിപ്പാറ 'മാധ്യമ'ത്തോട് പറഞ്ഞു. തടയണകൾ പൊളിക്കാൻ കോടതി നിർദേശിച്ചെങ്കിലും ഉടമ സ്റ്റേ നേടുകയായിരുന്നു. ഈ സാഹചര്യത്തിൽ ടി.വി. രാജൻ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തി പരിശോധന നടത്താൻ അഭിഭാഷക കമീഷനെ ഹൈകോടതി നിയോഗിച്ചത്. കക്കാടംപൊയിലിലെ അനധികൃത തടയണകൾക്കെതിരെ അഞ്ചു വർഷം മുമ്പ് നിർമാണഘട്ടത്തിൽ തന്നെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പരാതിയെത്തിയിരുന്നു. അനുമതിയില്ലാതെ നിർമിച്ച റിസോർട്ടുകളും തടയണകളും 'അനധികൃത നിർമാണ രജിസ്റ്ററിൽ' ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപടികളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അനങ്ങിത്തുടങ്ങിയത്.
തടയണകളോട് ചേർന്ന് 21 വില്ലകളുണ്ട്. പാർപ്പിടാനുമതിയാണ് വില്ലകൾക്ക് ലഭിച്ചതെന്നും ചട്ടപ്രകാരമുള്ള അനുമതിയില്ലെന്നും പരാതിയുണ്ട്. വില്ലകളുടെ സൗന്ദര്യാർഥമാണ് നാല് തടയണകൾ നിർമിച്ചിരുന്നത്. തടയണകൾ പൊളിക്കാൻ നടപടി സ്വീകരിക്കാൻ 2021 ആഗസ്റ്റ് 30ന് ഹൈകോടതി ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. കലക്ടറുടെ ഉത്തരവ് ലഭിച്ചിട്ടും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൊളിക്കൽ നടപടികളിലേക്ക് കടന്നില്ല. ഇതിനിടെ, തടയണ ഉൾപ്പെടുന്ന 90.30 സെൻറ് ഭൂമി പി.വി. അൻവർ എം.എൽ.എ വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ വഴി സൗകര്യം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്തിന്റെ പുതിയ ഉടമയും ഹൈകോടതിയെ സമീപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.