അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്; ആരാകും രാജ, റാണി?
text_fieldsതിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും. ഇരുവഴിഞ്ഞിപ്പുഴയിൽ വിദേശ കയാക്കർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഡൗൺ റിവർ മത്സരത്തിലെ ജേതാക്കളെ റാപിഡ് രാജ, റാപിഡ് റാണിയായി പ്രഖ്യാപിക്കും. എട്ട് വിദേശ രാജ്യങ്ങളിൽനിന്ന് 13 കയാക്കർമാർ ഉൾപ്പെടെ 60ഓളം താരങ്ങളാണ് കോടഞ്ചേരി ചാലിപ്പുഴയിലും തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സമാപന മത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും. ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ മുതൽ കുറുങ്കയം വരെ ഭാഗത്താണ് മത്സരം നടക്കുന്നത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി, ജില്ല പഞ്ചായത്ത് എന്നിവർ ചേർന്നാണ് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വൈകീട്ട് അഞ്ചിന് പുല്ലൂരാംപാറ ഇലന്തുകടവിൽ മലബാർ റിവർ ഫെസ്റ്റിവൽ സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിജയികൾക്ക് ട്രോഫി സമ്മാനിക്കും.
അമച്വർ കയാക് ക്രോസ് മത്സരഫലം
തിരുവമ്പാടി: അമേച്വർ കയാക് ക്രോസ് വനിത -പുരുഷ താരങ്ങളുടെ മത്സരങ്ങൾ സമാപിച്ചു. പുരുഷ വിഭാഗത്തിൽ പൃത്വിരാജ് ചവാൻ (കർണാടക), രാഹുൽ ബാന്ദരി (ഉത്തരാഖണ്ഡ്), അഷ്റഫ് (കർണാടക) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ മുസ്ഖൻ (ഉത്തരാഖണ്ഡ്), പ്രഞ്ജല ഷെട്ടി (കർണാടക) എന്നിവർ ഒന്ന്, രണ്ട് സ്ഥാനം നേടി.
ഓളപ്പരപ്പിൽ ഓളമായി കുഞ്ഞു റയാൻ
തിരുവമ്പാടി: ചാലിപ്പുഴയിലെ കുത്തൊഴുക്കിൽ ശ്രദ്ധേയ താരമായി മാറി ഒമ്പതു വയസ്സുകാരൻ റയാൻ വർഗീസ്. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ ശനിയാഴ്ച നടന്ന കയാക്കിങ് അമച്വർ മത്സരങ്ങളിൽ കാണികൾക്ക് ആവേശമായി കൊച്ചു കയാക്കർ. റയാൻ പുഴയിലേക്ക് തുഴയുമായി ഇറങ്ങി മത്സരം അവസാനിക്കുന്നതുവരെ റെസ്ക്യൂ ടീം ജാഗ്രതയോടെ ഉണ്ടായിരുന്നു. വൈറ്റ് വാട്ടർ കയാക്കിങ്ങിൽ ഋഷികേശിൽ പോയി പരിശീലനം നേടിയതാണ് റയാൻ. കഴിഞ്ഞ വർഷം മലബാർ റിവർ ഫെസ്റ്റിവലിൽ കയാക്കിങ് മത്സരത്തിൽ റാപിഡ് രാജ കിരീടം നേടിയ അമിത് താപ്പയാണ് പരിശീലകൻ. അടുത്ത വർഷവും ചാമ്പ്യൻഷിപ്പിനെത്തി മികവ് തെളിയിക്കണമെന്ന ആഗ്രഹത്തിലാണ് റയാൻ. എറണാകുളം കിഴക്കമ്പലം താമരച്ചാൽ അറക്കാപറമ്പിൽ ജോർജ് ഫിലിക്സ്-പ്രിയ ദമ്പതികളുടെ ഇളയ മകനായ റയാൻ വർഗീസ് താമരച്ചാൽ സെന്റ് മേരിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.