തൊഴിൽ തട്ടിപ്പ് : ബി.ജെ.പി നേതാവിനെ പുറത്താക്കാത്തതിൽ പാർട്ടിയിൽ അമർഷം
text_fieldsതിരുവമ്പാടി: റെയിൽവേ ജോലി തട്ടിപ്പിൽ ആരോപണ വിധേയനായ ബി.ജെ.പി പോഷക സംഘടന നേതാവിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നു.
എസ്.സി മോർച്ച നേതാവായിരുന്ന ഇയാളെ ആരോപണമുയർന്ന പശ്ചാത്തലത്തിൽ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽനിന്ന് ഇപ്പോഴും പുറത്താക്കിയിട്ടില്ല. ഇതിനെതിരെ പാർട്ടിയിൽ അമർഷമുള്ളതായി ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിച്ചു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തട്ടിപ്പ് സംഘം ദുരുപയോഗിച്ചതായി പ്രാദേശിക നേതൃത്വം പറയുന്നു.
റെയിൽവേ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽനിന്നായി ലക്ഷങ്ങളാണ് സംഘം തട്ടിയത്. ചില ഉദ്യോഗാർഥികൾ പരാതിയുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് തൊഴിൽ തട്ടിപ്പ് പുറത്തായത്. അതേസമയം, തൊഴിൽതട്ടിപ്പിനിരയായ നിരവധി പേർ പുറത്തുപറയാൻ മടിക്കുകയാണ്. തിരുവമ്പാടി പൊലീസിൽ ഒരാളുടെ പരാതിയാണ് ലഭിച്ചത്. മുക്കം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച പരാതിയാണ് തിരുവമ്പാടി പൊലീസിന് ലഭിച്ചത്.
കോവിഡ് ലോക്ഡൗൺ കാലത്ത് വർക്ക് ഫ്രം ഹോം രീതിയിൽ ജോലിയിൽ നിയമനം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. തീവണ്ടി സമയം രേഖപ്പെടുത്തി ഓൺലൈനായി സമർപ്പിക്കാനായിരുന്നു ചിലർക്ക് ലഭിച്ച 'തൊഴിൽ'.
രണ്ടര ലക്ഷം രൂപ വരെ തൊഴിലിനായി തട്ടിപ്പ് സംഘം ഈടാക്കിയതായാണ് ഉദ്യോഗാർഥികളുടെ പരാതി. പ്രതിമാസം 35,000 രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ചില ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം തുടർച്ചയായി ഏഴുമാസം 35000 രൂപ വീതം വേതനം ലഭിച്ചതോടെ വിശ്വാസ്യതയുണ്ടായി. ഗൂഗ്ൾ പേ വഴി ലഭിച്ചിരുന്ന ശമ്പളം ഏഴുമാസത്തിന് ശേഷം നിലച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ജോലിക്ക് അപേക്ഷിച്ചവരുടെ വാട്സ്ആപ് ഗ്രൂപ് തട്ടിപ്പ് സംഘം രൂപവത്കരിച്ചിരുന്നു. ഇ-മെയിൽ വഴിയാണ് നിയമന കത്ത് നൽകിയിരുന്നത്.
നിയമനം ലഭിച്ചവർ പുതുതായി ഉദ്യോഗാർഥികളെ വല വീശുന്ന രീതിയിലാണ് സ്വീകരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയായ യുവതിയാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്ന് പറയുന്നു. വിവിധ ജില്ലകളിൽ നിരവധി പേർ തൊഴിൽ തട്ടിപ്പിനിരയായതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.