പുലിപ്പേടി: വനം വകുപ്പ് കണ്ടപ്പൻ ചാലിൽ കൂട് സ്ഥാപിച്ചു
text_fieldsതിരുവമ്പാടി: പുലിസാന്നിധ്യം സ്ഥിരീകരിച്ച ആനക്കാംപൊയിൽ കണ്ടപ്പൻ ചാലിൽ വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ജനപ്രതിനിധികളും നാട്ടുകാരും വനം വകുപ്പിനെതിരെ പ്രതിഷേധമുയർത്തിയതോടെയാണ് തിങ്കളാഴ്ച രാത്രി കണ്ടപ്പൻചാലിൽ കൂട് എത്തിച്ചത്.
കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളിൽ പുലിയെ കണ്ട കണ്ടപ്പൻ ചാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ കൂട് സ്ഥാപിച്ചു. സ്ഥലം സന്ദർശിക്കാനെത്തിയ ഡി.എഫ്.ഒ യു. ആഷിക് അലിയെ തിങ്കളാഴ്ച നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നാണ് കൂട് സ്ഥാപിക്കാൻ അടിയന്തര നടപടിയുണ്ടായത്. സ്ഥലം സന്ദർശിച്ച ലിന്റോ ജോസഫ് എം.എൽ.എയും പുലിയെ പിടികൂടണമെന്ന് വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചർ പി. വിമലിന്റെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി പ്രകാരമേ പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കാനാകൂ. ഡി.എഫ്.ഒയും ജനപ്രതിനിധികളും ഉൾപ്പെടുന്ന പ്രാദേശിക കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂട് സ്ഥാപിക്കാൻ അനുമതി നൽകിയത്. പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങ് തുടരുമെന്ന് എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. ബഷീർ പറഞ്ഞു. കണ്ടപ്പൻ ചാൽ ചെറുകിട ജലവൈദ്യുതി പദ്ധതി കെട്ടിടത്തിലെ സി.സി ടി.വി കാമറയിലാണ് പുലിയും രണ്ട് കുഞ്ഞുങ്ങളും നടന്നുപോകുന്നത് പതിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.