ജനവാസ മേഖലയിൽ പുലി സാന്നിധ്യം: ആനക്കാംപൊയിലിൽ നാട്ടുകാർ ഭീതിയിൽ
text_fieldsതിരുവമ്പാടി: ആനക്കാംപൊയിലിൽ ജനവാസ മേഖലയിലെ പുലി സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന ആനക്കാംപൊയിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വെള്ളിയാഴ്ച വൈകീട്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം സൈറ്റിലെ കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കണ്ടിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു.
പുലി ഭിതിയെ തുടർന്ന് പ്രദേശത്ത് കർഷകർ റബർ ടാപ്പിങ് നിർത്തിവെച്ചു . അതിരാവിലെ ക്ഷീരോൽപാദക സംഘത്തിൽ പാൽ അളക്കാൻ പോകുന്നവരും വിദ്യാർഥികളും ആശങ്കയിലാണ്. പുലിയെ മയക്ക് വെടിവെച്ച് കീഴടക്കണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമില്ലാത്ത പക്ഷം വനം വകുപ്പ് ഓഫിസിലേക്ക് സമരം സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ് വനം വകുപ്പ് അധികൃതരുമായി നാട്ടുകാരുടെ ആശങ്ക പങ്കുവെച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മഞ്ജുഷിബിൻ, സജി കൊച്ചുപ്ലാക്കൽ, ജുബിൻ മണ്ണുകുശുമ്പിൽ, സജോ പടിഞ്ഞാറെക്കുറ്റ്, ബേബി കൊച്ചു വേലിക്കകത്ത്, ഷിബിൻ കുരിയക്കാട്ടിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.