ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; സർവേ ഉദ്യോഗസ്ഥർക്ക് വഴിയൊരുക്കാൻ നാട്ടുകാർ തൂക്കുപാലമൊരുക്കി
text_fieldsതിരുവമ്പാടി: നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ സാങ്കേതിക പഠനത്തിനെത്തിയ ഉദ്യോഗസ്ഥർക്ക് വഴിയൊരുക്കാൻ മറിപ്പുഴയിൽ നാട്ടുകാർ ശ്രമദാനമായി തൂക്കുപാലം നിർമിച്ചു. മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ നിലവിലുണ്ടായിരുന്ന തൂക്കുപാലം മലവെള്ളപ്പാച്ചിലിൽ നേരത്തേ തകർന്നിരുന്നു.
തുരങ്കപാതയുടെ സാങ്കേതിക പഠനത്തിനെത്തിയ കൊങ്കൺ റെയിൽവേ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് പുഴക്ക് അക്കരെയെത്താൻ മാർഗമില്ലായിരുന്നു. പുഴകടന്ന് വേണം തുരങ്കപാത ആരംഭിക്കുന്ന സ്വർഗം കുന്നിലെത്താൻ.ഈ സാഹചര്യത്തിലാണ് ബുധനാഴ്ച തന്നെ നാട്ടുകാർ രംഗത്തിറങ്ങി തൂക്കുപാലം ഒരുക്കിയത്.
ഇവിടെ 70 മീറ്റർ നീളത്തിൽ പാലം നിർമാണം തുരങ്കപാത പദ്ധതിയിലുണ്ട്. സർവേ നടക്കുന്ന രണ്ടുമാസ കാലത്തേക്ക് മുത്തപ്പൻ പുഴയിലാണ് ഉദ്യോഗസ്ഥർക്ക് താമസ സൗകര്യമൊരുക്കിയത്. സാങ്കേതിക പഠനത്തിനാവശ്യമായ ഭൗതിക സഹായം നൽകാൻ പ്രദേശവാസികൾ സന്നദ്ധമാണെന്ന് നാട്ടുകാർ പറഞ്ഞു.
ഗ്രാമ പഞ്ചായത്തംഗം ടോമി കൊന്നക്കൽ, അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തൂർ തുടങ്ങിയവർ തൂക്കുപാല നിർമാണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.