നൗഫൽ മൈതാനത്ത് വിസ്മയം തീർത്തത് ദുരിതക്കടൽ താണ്ടി
text_fieldsതിരുവമ്പാടി: കാൽപ്പന്ത് കളിയിൽ കേരളത്തോളമുയർന്ന സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന്റെ ഒരു വ്യാഴവട്ടം നീണ്ട കളി പരിശീലനം ദുരിതക്കടൽ കടന്ന്. തിരുവമ്പാടി ചേപ്പിലംകോട്ടെ നൗഫലിന്റെ കൊച്ചു വീട് പറയും ഈ കേരള താരത്തിന്റെ ദുരിത കഥ. സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത മാർഗതടസ്സങ്ങളെ അതിജീവിച്ചായിരുന്നു ഫുട്ബാളിൽ താരത്തിന്റെ വിസ്മയ മുന്നേറ്റം. ജീവിതത്തിലെന്താണാഗ്രഹമെന്ന ചോദ്യത്തിന് വീട് വേണമെന്നായിരുന്നു പി.എൻ. നൗഫൽ ചൊവ്വാഴ്ച 'മാധ്യമ'ത്തോട് പ്രതികരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് നൗഫൽ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയത്.
ഉമ്മ ജമീലയും ബന്ധുക്കളും ഫൈനൽ കാണാൻ പോയിരുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം വിജയത്തിന്റെ സന്തോഷപെരുന്നാൾ ആഘോഷിക്കാനാണ് രാത്രിതന്നെ നാട്ടിലേക്ക് മടങ്ങിയത്. ക്ഷീണിതനെങ്കിലും ഉറ്റ ചങ്ങാതിമാരുടെ ആഹ്ലാദ പരിപാടികളിലെല്ലാം സജീവമായി.
പരിശീലന കാലത്തെ സാമ്പത്തിക പ്രയാസങ്ങളിൽ കൈത്താങ്ങായ കോസ് മോസ് പ്രവർത്തകരായ കെ.എഫ്. ഫ്രാൻസിസ്, അയ്യൂബ് ചോലക്കൽ, ജാബിർ, ബഷീർ ചാലിൽ, കുഞ്ഞാപ്പു, ഷാനു, നിയാസ്, കെ. മുഹമ്മദാലി എന്നിവരെ നന്ദിയോടെ ഓർത്തു. നൗഫലിന്റെ കാലിലെ പന്തൊതുക്കം ആദ്യം ശ്രദ്ധിച്ചത് പ്രഥമ പരിശീലകനായ കെ.എഫ് .ഫ്രാൻസിസ് ആയിരുന്നു. 2008 മുതൽ 2016 വരെ തിരുവമ്പാടി കോസ് മോസ് ക്ലബിൽ ഇദ്ദേഹത്തിന്റെ കീഴിലാണ് നൗഫൽ പരിശീലനം നേടിയത്.
ഐ.എസ്.എല്ലിന്റെ ഓഫർ പ്രതീക്ഷയാണെന്ന് നൗഫൽ പറഞ്ഞു. ടൂർണമെന്റിൽ ഗോൾ നേടിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഉൾപ്പെടെ കേരള ടീമിന്റെ വിജയക്കുതിപ്പിൽ നിർണായകമായി നൗഫലിന്റെ കളി.
ഡി.വൈ.എഫ്.ഐ വീട് നിർമിക്കും
തിരുവമ്പാടി: സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന് വീട് നിർമിച്ച് നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.