കൂടരഞ്ഞിയിൽ ഓപൺ വോട്ട് തർക്കം: പൊലീസ് സംഘർഷം ഒഴിവാക്കി
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ വാർഡിലെ ഗവ. ട്രൈബൽ എൽ.പി സ്കൂളിലെ ബൂത്തിൽ രാവിലെ ഓപൺ വോട്ട് തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ ഒഴിവാക്കിയത്. ഓപൺ വോട്ടുമായി ബന്ധപ്പെട്ട് കൂമ്പാറ വാർഡിലെ രണ്ട് സ്ഥാനാർഥികൾ പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. 31പേർ അനധികൃതമായി ഓപൺ വോട്ട് ചെയ്തെന്നാണ് സ്വതന്ത്ര സ്ഥാനാർഥികളായ മത്തായി പുളിമൂട്ടിൽ, ഹംസ കടക്കാടൻ എന്നിവർ പരാതി നൽകിയത്.
കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ മാവോവാദി ഭീഷണിയുള്ള ആറ് ബൂത്തുകളിൽ ഉൾപ്പെടെ വോട്ടെടുപ്പ് സമാധാനപരമായി. തണ്ടർ ബോൾട്ട് സായുധസേന അംഗങ്ങളുടെ സുരക്ഷയിലായിരുന്നു മാവോവാദി ഭീഷണിയുള്ള ബുത്തുകളിൽ വോട്ടെടുപ്പ് നടന്നത്.
മാവോവാദി ഭീഷണിയുണ്ടായിരുന്ന തിരുവമ്പാടി പഞ്ചായത്തിലെ വനാതിർത്തിയിലുള്ള മുത്തപ്പൻപുഴ ജി.എൽ.പി സ്കൂൾ, കൊടക്കാട്ടു പാറ സാംസ്കാരികനിലയം, പൊന്നാങ്കയം അംഗൻവാടി എന്നിവിടങ്ങളിലും സമാധാനപരമായിരുന്നു പോളിങ്. മാവോവാദി സാന്നിധ്യം സംശയിക്കുന്ന കൂടരഞ്ഞി പഞ്ചായത്തിൽ പൂവാറംതോട് ജി.എൽ.പി സ്കൂൾ, മഞ്ഞകടവ് ജി.എൽ.പി സ്കൂൾ, കക്കാടംപൊയിൽ ജി.എൽ.പി സ്കൂൾ എന്നീ ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം വാർഡ് ബൂത്തായ എസ്.എൻ.എൽ.പി സ്കൂളിൽ രാത്രി 7.5 ഓടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. വൈകീട്ട് അഞ്ചു മുതൽ നീണ്ട ക്യൂവായിരുന്നു ബൂത്തിൽ. 1000ൽ അധികം വോട്ടർമാർ വാർഡിലുണ്ടായിട്ടും ഒരു ബൂത്ത് മാത്രം അനുവദിച്ചതാണ് ബൂത്തിൽ പോളിങ് വൈകാൻ കാരണമായത്.
തിരുവമ്പാടി ടൗണിലെ ഇൻഫൻറ് ജീസസ് സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ വോട്ടെടുപ്പ് യന്ത്രം തകരാറിലായെങ്കിലും പെട്ടെന്ന് പോളിങ് പുനരാരംഭിക്കാനായി. കൂമ്പാറ ട്രൈബൽ സ്കൂൾ ബൂത്തിൽ വൈകീട്ട് കോവിഡ് രോഗിയും ക്വാറൻറീനിലുള്ളവരും വോട്ട് ചെയ്യാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.