തിരുവമ്പാടിയിലെ ഭാരത് പാചകവാതക ഗോഡൗൺ പ്രവർത്തനം നിയമവിരുദ്ധമെന്ന്
text_fieldsതിരുവമ്പാടി: ടൗണിലെ ഭാരത് പാചകവാതക ഗോഡൗൺ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്ന് സബ് കലക്ടർ. അഗ്നിരക്ഷാ സേനയുടെ അന്തിമ നിരാക്ഷേപ പത്രവും ഗ്രാമപഞ്ചായത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും ഇല്ലെന്നിരിക്കെ ഗോഡൗൺ അടച്ചുപൂട്ടണമെന്ന് സബ് കലക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു.
തിരുവമ്പാടി സ്വദേശിയായ ആനടിയിൽ സൈതലവിയുടെ പരാതിയിലാണ് നടപടി. ഗോഡൗൺ അടച്ചുപൂട്ടണമെന്ന് രണ്ടു വർഷം മുമ്പ് ആർ.ഡി.ഒ ഉത്തരവിട്ടെങ്കിലും നടപ്പായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ അന്തിമ നിരാക്ഷേപപത്രമുൾപ്പെടെയുള്ള എല്ലാ രേഖകളും ഉണ്ടെന്നായിരുന്നു ഉടമ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, രേഖകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഗോഡൗൺ അടച്ചുപൂട്ടാൻ സബ് കലക്ടർ നിർദേശിച്ചത്. ഗോഡൗണുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് തിരുവമ്പാടി പഞ്ചായത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു.
റിസർവേ 78ൽ വയൽപ്രദേശം നികത്തിയാണ് പാചകവാതക ഗോഡൗൺ പ്രവർത്തിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. പരാതിയെ തുടർന്ന് വയൽ നികത്തിയ മണ്ണെടുത്ത് മാറ്റണമെന്ന് അധികൃതർ നിർദേശിച്ചെങ്കിലും നടപ്പായില്ല.
വയൽ നികത്തി നിർമിച്ച കെട്ടിടമായതിനാലാണ് പഞ്ചായത്ത് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഡിറ്റോറിയം, ബാങ്ക് എന്നിവക്ക് സമീപം അഗ്നിരക്ഷാസേനയുടെ അന്തിമ നിരാക്ഷേപപത്രമില്ലാത്ത പാചക ഗോഡൗൺ പ്രവർത്തിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.