സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിര നിയമനം; സത്യവാങ്മൂലത്തിൽ സേവനകാലം കുറച്ചുകാണിക്കാൻ നീക്കം
text_fieldsതിരുവമ്പാടി: സ്ഥിര നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലത്തിൽ സ്പെഷൽ എജുക്കേറ്റർമാരുടെ സേവന കാലയളവ് കുറച്ചുകാണിക്കാൻ നീക്കം. പൊതു വിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാരുടെ നിയമനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നാലാഴ്ചക്കകം നൽകണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
മാർച്ച് 12നായിരുന്നു ഉത്തരവ്. ഏപ്രിൽ 16ന് കേസ് വീണ്ടും പരിഗണിക്കും. കൃത്യമല്ലാത്തതിനാൽ നേരത്തെ കേരളം നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി തള്ളുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ 24 വർഷംവരെ നീണ്ട സേവന കാലാവധിയുള്ള സ്പെഷൽ എജുക്കേറ്റർമാർ നിലവിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. സെക്കൻഡറി സ്പെഷൽ എജുക്കേറ്റർമാരിൽ 2000ത്തിൽ ജോലിയിൽ പ്രവേശിച്ച് തുടരുന്നവരുണ്ട്.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) യോഗ്യതയുള്ള എത്ര സ്പെഷൽ എജുക്കേറ്റർമാർ കരാർ അടിസ്ഥാനത്തിലുണ്ട്, നിലവിലെ ശമ്പളം, മൊത്തം സേവന കാലയളവ്, സ്ഥിരപ്പെടുത്താൻ സ്വീകരിച്ച നടപടി തുടങ്ങിയ ചോദ്യങ്ങൾക്കാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടത്.
എന്നാൽ, സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ) സേവന കാലയളവ് സംബന്ധിച്ച വിവരശേഖരണത്തിൽ ഒരു കൃത്യതയുമില്ലെന്ന് സ്പെഷൽ എജുക്കേറ്റർമാർ ആരോപിക്കുന്നു. തുടക്കത്തിൽ ജില്ല പഞ്ചായത്ത് ആയിരുന്നു നിയമനം നടത്തിയിരുന്നത്. പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡി.പി.ഐയിലെ ഐ.ഇ.ഡി വിഭാഗം (2000 - 2008 ), ഐ.ഇ.ഡി.എസ്.എസ് (2009 - 2016), ആർ.എം.എസ്.എ (2017-18 ), എസ്. എസ്.കെ (2018 - 2024 ) എന്നിങ്ങനെ പദ്ധതികളിൽ സർവിസ് ഉള്ളവരാണ് സ്പെഷൽ എജുക്കേറ്റർമാരിൽ പലരും.
നിലവിൽ എസ്.എസ്.കെയിൽനിന്ന് സർവിസ് കാലയളവ് ചോദിച്ചിരിക്കുന്നത് ആർ.എം.എസ്.എ, എസ്.എസ്.കെ കാലയളവ് മാത്രമാണ്. ഇതുകാരണം വർഷങ്ങളുടെ സർവിസ് കാലയളവ് നഷ്ടമാകുമെന്നാണ് സ്പെഷൽ എജുക്കേറ്റർമാരുടെ പരാതി. പൊതുവിദ്യാഭ്യാസ വകുപ്പിലെ സർവിസ് കാലയളവ് പൂർണമായി പരിഗണിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ നൽകിയ റിട്ട് ഹരജിയിൽ കേരളത്തിലെ 153 സ്പെഷൽ എജുക്കേറ്റർമാരാണ് ഇതുവരെ കക്ഷിചേർന്നത്. അഡ്വ. വി. ചിദംബരേഷ്, അഡ്വ. ബിജു പി. രാമൻ എന്നിവരാണ് കേരളത്തിലെ സ്പെഷൽ എജുക്കേറ്റർമാർക്കായി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.