പരസ്യ മദ്യപാനത്തിന് കുടപിടിച്ച് അധികൃതർ
text_fieldsതിരുവമ്പാടി: ടൗണിലെ വിദേശ മദ്യഷാപ്പിന് സമീപത്തെ പരസ്യ മദ്യപാനത്തിന് കുടപിടിച്ച് അധികൃതർ. മദ്യഷാപ്പിന് സമീപത്തെ പെട്ടിക്കടകളാണ് പരസ്യ മദ്യപാനത്തിന് സൗകര്യമൊരുക്കുന്നത്.
മദ്യഷാപ്പിൽനിന്ന് മദ്യം വാങ്ങി സമീപത്തുനിന്ന് സംഘം ചേർന്ന് പരസ്യമായി മദ്യപിക്കുന്നത് ആർക്കും കാണാനാകും. മദ്യപിക്കാൻ വെള്ളവും ഗ്ലാസ്സും വിതരണം ചെയ്യുന്നതാണ് പെട്ടിക്കടകളിലെ 'കച്ചവടം'. വിദ്യാലയങ്ങൾ, ആശുപത്രി, ബാങ്ക് എന്നിവക്ക് ഏതാനും മീറ്ററുകൾ അകലെയാണ് മദ്യഷാപ്.
ഷാപ് ഇവിടെ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പരസ്യ മദ്യപാനത്തിനെതിരെ പൊലീസ് നടപടികളൊന്നും ഉണ്ടാവാറില്ലെന്ന് നാട്ടുകാർ പറയുന്നു. പെട്ടിക്കടകൾ അനധികൃതമാണെകിൽ നടപടി സ്വീകരിക്കേണ്ടത് ഗ്രാമപഞ്ചായത്താണ്.
അനധികൃത പെട്ടിക്കടകൾ പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഒരു മാസം മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ , ഗ്രാമപഞ്ചായത്ത് അനധികൃത പെട്ടിക്കടകൾ അടച്ചുപൂട്ടാൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പൊലീസും ഗ്രാമ പഞ്ചായത്തും ചേർന്ന് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.