ചെമ്പുകടവ് പുഴയിലെ പാറപൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു
text_fieldsകോടഞ്ചേരി: വെള്ളപ്പൊക്കം തടയാനെന്ന പേരിൽ ചെമ്പുകടവ് പുഴയിലെ പാറകൾ പൊട്ടിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഷിജു കൈതക്കുളത്തിെൻറ നേതൃത്വത്തിലാണ് നാട്ടുകാർ തൊഴിലാളികളോട് പണി നിർത്താൻ ആവശ്യപ്പെട്ടത്. എതിർപ്പ് പ്രകടിപ്പിക്കാതെ തൊഴിലാളികൾ പിന്തിരിയുകയായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പൊട്ടിക്കലിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇതിനകം ഒരുകിലോമീറ്റർ ദൂരത്തിൽ പാറക്കൂട്ടം തകർത്തിട്ടുണ്ട്.
പാറകളും ഉരുളൻ കല്ലുകളുമടങ്ങിയ പുഴയുടെ മനോഹാരിത തകർക്കപ്പെടുന്നതിലാണ് നാട്ടുകാർ പ്രതിഷേധമുയർത്തിയത്. ഇവ മാറ്റിയാൽ എങ്ങനെ വെള്ളപ്പൊക്കം തടയാനാവുമെന്ന കണക്കുകൂട്ടലിെൻറ യുക്തിസാധാരണക്കാർക്ക് ഉൾക്കൊള്ളാനുമാവുന്നില്ല.
മലവെള്ളപ്പാച്ചിലിെൻറ കുത്തൊഴുക്കിൽ പുഴയുടെ അടിത്തട്ടിലെ മണ്ണ് ഒലിച്ചുപോകാതെ സംരക്ഷിക്കുന്നത് ഇവയാണ്. ഉരുളൻ കല്ലുകളോട് ചേർന്ന് വളരുന്ന ആറ്റുവഞ്ചിയെന്ന ബലവത്തായ ചെടി എത്ര ശക്തമായ വെള്ളത്തള്ളലിലും ഇവയെ സംരക്ഷിച്ചു നിർത്തുകയും ചെയ്യും. പാറകളും കല്ലുകളും നീക്കം ചെയ്താൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഗുരുതരമാണ്.
പാറകളുടെയും കല്ലുകളുടെയും സംരക്ഷണം നഷ്ടപ്പെടുന്നതോടെ പഴയുടെ അടിത്തട്ടിലെ മണ്ണ് മലവെള്ളത്തിെൻറ കുത്തൊഴുക്കിൽ ഒലിച്ചുപോവും, തൽഫലമായി പുഴ ഉടനീളം അഗാധഗർത്തം രൂപപ്പെടുകയും പുഴയോരം ഇടിഞ്ഞ് ഒഴുക്കിെൻറ ഗതിതന്നെ മാറാനിടവരുത്തുകയും ചെയ്യും.
സ്ഫടിക സമാനമായ വെള്ളത്തോടു കൂടിയ പുഴയിലെ ചെറിയ തടാകങ്ങൾ അപ്രത്യക്ഷമാവും. പ്രദേശത്തെ കുട്ടികൾ നീന്തൽ പഠിക്കുന്നത് ഈ തടാകങ്ങളിലാണ്.
പുഴയിലെ ഉയരം കുറഞ്ഞ പാലമാണ് വെള്ളപ്പൊക്കം ഉണ്ടാവാൻ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം. 27 ലക്ഷം രൂപ മുടക്കി ഭരണകൂടം പ്രകൃതിയോടും പുഴയോടും ചെയ്യുന്ന ക്രൂരത മാപ്പ് അർഹിക്കാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.