പൊതു മൈതാനമില്ലാതെ പി.എൻ. നൗഫലിന്റെ നാട്
text_fieldsതിരുവമ്പാടി: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ബംഗാളിനെതിരെ ഗോൾ നേടിയ കേരള താരം പി.എൻ. നൗഫൽ കളിച്ചു വളർന്ന തിരുവമ്പാടിയിൽ പൊതു മൈതാനമില്ല. നൗഫലിന് വർഷങ്ങളോളം പരിശീലനം നൽകിയ തിരുവമ്പാടി കോസ്മോസ് ക്ലബിന് നിലവിൽ ഫുട്ബാൾ പരിശീലനത്തിന് സ്ഥല സൗകര്യമില്ല. തിരുവമ്പാടി ഹൈസ്കൂൾ മൈതാനിയായിരുന്നു കോസ്മോസ് ക്ലബ് ഫുട്ബാൾ പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. ഹൈസ്കൂൾ മൈതാനം ഉടമസ്ഥ തർക്കത്തെ തുടർന്ന് കോടതി വ്യവഹാരത്തിലാണ് .കാടുപിടിച്ച് കിടക്കുകയാണ് മൈതാനം . ക്ലബിന് കീഴിൽ ഫുട്ബാൾ പരിശീലനം നേടുന്ന താരങ്ങൾ മറ്റ് സ്വകാര്യ മൈതാനങ്ങളെ ആശ്രയിക്കുകയാണ്. തിരുവമ്പാടിയിൽ അന്തർദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും എങ്ങുമെത്തിയില്ല.
2018 ഒക്ടോബർ 26 ന് 6.9 കോടി രൂപ തിരുവമ്പാടിയിലെ സ്റ്റേഡിയം നിർമാണത്തിന് ഭരണാനുമതിയായതായി പ്രഖ്യാപനം വന്നിരുന്നു. ഹൈസ്കൂൾ മൈതാനത്ത് അന്തർദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഉടമസ്ഥ തർക്കമുള്ള മൈതാനത്ത് സർക്കാർ ഫണ്ടിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഇടതുമുന്നണിയിൽ വിമർശനമുയർന്നു.
ഹൈസ്കൂൾ മൈതാനിയിലെ വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് സ്റ്റേഡിയം നിർമാണം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇടതു മുന്നണി തിരുവമ്പാടി പഞ്ചായത്തു കമ്മിറ്റി സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് സ്‌റ്റേഡിയം നിർമിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു . നാല് വർഷം പിന്നിട്ടിട്ടും സ്റ്റേഡിയം നിർമാണം യാഥാർഥ്യമായിട്ടില്ല.
സ്റ്റേഡിയം യാഥാർഥ്യമാക്കും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ സ്‌റ്റേഡിയം യാഥാർഥ്യമാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ.അബ്ദുറഹ്മാൻ. സ്റ്റേഡിയം നിർമാണത്തിനുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങി . ഹൈസ്കൂൾ മൈതാനം പരിശീലനത്തിന് തുറന്ന് കൊടുക്കാൻ ചർച്ച നടത്തും.
കെ.എ. അബ്ദുറഹ്മാൻ - (പഞ്ചായത്ത് വൈസ് പ്രസിഡൻറ് )
കളിക്കളമില്ലാതെ താരങ്ങളുണ്ടാവില്ല
തിരുവമ്പാടി: കളിക്കളമില്ലാതെ കായിക താരങ്ങളുണ്ടാവില്ലെന്ന് കോസ്മോസ് രക്ഷാധികാരി കെ. മുഹമ്മദാലി .താരങ്ങൾക്ക് വളരാൻ അവസരമൊരുക്കേണ്ടത് നാടിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വലിയ പങ്കുവഹിക്കാനുണ്ട്.
കെ. മുഹമ്മദാലി (കോസ്മോസ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.