റോഡ് തകർന്നു; കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
text_fieldsതിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ കെട്ടിട നിർമാണത്തിനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.
വാഹനം തടഞ്ഞിനെ തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇനി മുതൽ നാൽപ്പത് മേനി റോഡ് വഴി കെ.എസ്. ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കുള്ള വാഹനങ്ങൾ ഓടില്ലെന്ന് ഉറപ്പ് ലഭിച്ചതായി റോഡ് സംരക്ഷണ കർമസമിതി കൺവീനർ ബെന്നി കിഴക്കേപറമ്പിൽ പറഞ്ഞു.
കറ്റ്യാടുനിന്ന് ആരംഭിക്കുന്നതാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ്. ഈ റോഡ് പ്രവൃത്തി പാതിവഴിയിലായ സാഹചര്യത്തിലാണ് നാൽപ്പത് മേനി റോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
വാഹനം തടഞ്ഞതിന് പിന്നിൽ ഗ്രാമപഞ്ചായത്ത് -സി.പി.എം
തിരുവമ്പാടി: കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്ക് എത്തിയ വാഹനം തടഞ്ഞതിന് പിന്നിൽ പഞ്ചായത്ത് അധികൃതരാണെന്ന് സി.പി.എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഡിപ്പോയുടെ പൈലിങ് പ്രവൃത്തിക്കായികൊണ്ടുവന്ന വാഹനങ്ങളും യന്ത്രസാമഗ്രികളും പൊതുജനങ്ങളെ ഉപയോഗിച്ച് പഞ്ചായത്ത് ഭരണസമിതി തടയുയായിരുന്നു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റി പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പണി തടസ്സപ്പെടുത്തുന്ന പഞ്ചായത്ത് നടപടി അവസാനിപ്പിക്കണമെന്ന് സി.പി.എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജോളി ജോസഫ്, റോയി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.