തിരുവമ്പാടി-ഓമശ്ശേരി റോഡ്; കല്ലുരുട്ടിയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsതിരുവമ്പാടി: വാഹനയാത്ര അപകടത്തിലാക്കി തിരുവമ്പാടി - ഓമശ്ശേരി പൊതുമരാമത്ത് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. കല്ലുരുട്ടിയിലാണ് വയലിനോട് ചേർന്ന് സംരക്ഷണ ഭിത്തി തകർന്നത്. കനത്ത മഴയെ തുടർന്നാണ് ഭിത്തി ഇടിഞ്ഞ് വീണത്. കോഴിക്കോട്, ഓമശ്ശേരി ഭാഗത്തു നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് ബസ്സുകൾ ഉൾപ്പെടെ വരുന്ന പ്രധാന പാതയാണിത്. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പാതയാണ് അപകടഭീഷണിയിൽ നിൽക്കുന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് റോഡിന്റെ ഇരുവശവും വയലുകളാണ്. റോഡിന് ഇവിടെ വീതിയും കുറവാണ്.
ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കടന്നുപോകുന്നതിന് പ്രയാസം നേരിടുകയാണ്. ഭാരവാഹനങ്ങൾ പോകുമ്പോൾ കൂടുതൽ ഇടിയുന്ന നിലയിലാണ് നിലവിലെ റോഡിന്റെ അവസ്ഥ. സമീപത്തെ ക്വാറികളിൽ നിന്ന് ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡാണിത്.
റോഡിന്റെ സംരക്ഷണഭിത്തി വർഷങ്ങൾക്കു മുമ്പ് കരിങ്കല്ലുകൾ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയതാണ്. അടുത്ത കാലത്തൊന്നും നവീകരണം നടന്നിട്ടില്ല. വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് റോഡിന്റെ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.