ആറു പതിറ്റാണ്ടായി ഭൂരേഖകളില്ലാത്ത രണ്ട് ദലിത് കുടുംബങ്ങൾക്ക് പട്ടയം
text_fieldsതിരുവമ്പാടി: ആറു പതിറ്റാണ്ടായി ഭൂരേഖകളില്ലാത്ത തിരുവമ്പാടി പഞ്ചായത്തിലെ രണ്ട് ദലിത് കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. താഴെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള കൂരകളിൽ കഴിയുന്ന കുനിയൻ പറമ്പത്ത് ഇടത്തിൽ ബിജു, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപി എന്നിവർക്കാണ് കോഴിക്കോട് നടന്ന പട്ടയമേളയിൽ പട്ടയം ലഭിച്ചത്. ഇവർക്ക് ഭൂരേഖകളില്ലാത്തതിന്റെ ദുരിത കഥ 2022 മേയ് 15ന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകനായ സെയ്ദലവി ആനടിയിലിന്റെ നിവേദനത്തെ തുടർന്ന് ഈ ദലിത് കുടുംബങ്ങൾക്ക് രണ്ട് മാസത്തിനകം പട്ടയം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടിരുന്നു.
ജീർണാവസ്ഥയിലായ കൂരകളിലാണ് ഇരു കുടുംബങ്ങളും വർഷങ്ങളായി താമസിക്കുന്നത്. ഭൂമിക്ക് കൈവശ രേഖയില്ലാത്തതിനാൽ നാളിതുവരെയുള്ള സർക്കാറിന്റെ ഭവനനിർമാണ പദ്ധതികളിൽനിന്ന് ഈ ദരിദ്രകുടുംബങ്ങൾ പുറത്തായിരുന്നു. സമീപത്തെ തുറയൻ പിലാക്കൽ കുടുംബം വർഷങ്ങൾക്കുമുമ്പ് കുടികിടപ്പവകാശമായി നൽകിയതാണ് ഇവരുടെ ഭൂമി. ഭൂരേഖകൾ ലഭിച്ചാൽ സർക്കാർ ഭവനനിർമാണ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് തിരുവമ്പാടി പഞ്ചായത്ത് മനുഷ്യാവകാശ കമീഷനെ അറിയിച്ചിരുന്നു. ഈ ദലിത് കുടുംബങ്ങളുടെ പ്രശ്നത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ നിസ്സംഗരായ സാഹചര്യത്തിലാണ് സാമൂഹികപ്രവർത്തകന്റെ നിവേദനം വഴി മനുഷ്യാവകാശ കമീഷൻ ഇടപെടലുണ്ടായതെന്ന് ശ്രദ്ധേയമാണ്. പട്ടയം ലഭിച്ചതോടെ ഭവനനിർമാണത്തിന് സർക്കാർ പദ്ധതിയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.