കർഷക ദ്രോഹമായി മാറുകയോ ഗ്രാമപഞ്ചായത്ത് ?
text_fieldsപുല്ലൂരാംപാറയിലെ കാർഷികോൽപന്ന സംസ്കരണ കേന്ദ്രത്തിലെ പാഴാകുന്ന യന്ത്രങ്ങൾ
തിരുവമ്പാടി: കർഷകരും കാർഷിക സംരംഭങ്ങളും കടുത്ത പ്രതിസന്ധിയിലായി രംഗം വിടുന്ന സാഹചര്യം നിലനിൽക്കെ സാങ്കേതിക കുരുക്കിലാക്കി കർഷകരെ ഗ്രാമപഞ്ചായത്ത് ദ്രോഹിക്കുന്നു.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറയിലെ വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് (വി.എഫ്.പി.സി.കെ) 2023ലാണ് കേന്ദ്ര സർക്കാർ രാഷ്ട്രീയ കൃഷി വികസന യോജനയിൽ കാർഷികോൽപന്ന ശേഖരണത്തിനും സംസ്കരണത്തിനുമായി സൗജന്യമായി 75 ലക്ഷം രൂപയുടെ യന്ത്രങ്ങൾ നൽകുന്നത്. ജില്ലയിലെ കാർഷിക പ്രധാന ഗ്രാമപഞ്ചായത്തായതിനാൽ തിരുവമ്പാടിക്ക് മാത്രമാണ് പദ്ധതി ഫണ്ട് ലഭിച്ചത്.
വി.എഫ്.പി.സി.കെ പ്രവർത്തിക്കുന്ന പുല്ലൂരാംപാറയിലെ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. വി.എഫ്.പി.സി.കെ അപേക്ഷ പ്രകാരം 2024 മാർച്ച് മുതൽ കെട്ടിടം വാടകക്ക് നൽകാൻ സർക്കാർ ഉത്തരവായി. എന്നാൽ, 2022 മുതൽ വാടക നൽകണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടതോടെ വി.എഫ്.പി.സി.കെ പ്രതിസന്ധിയിലായി. സർക്കാർ ഉത്തരവ് വന്ന മാസം മുതൽ കെട്ടിട വാടക നൽകാൻ തയാറാണെന്ന് വി.എഫ്.പി.സി.കെ പ്രസിഡന്റ് മാത്യൂ അബ്രഹാം ചേന്ദപ്പിള്ളിൽ പറഞ്ഞു.
2022 മുതലുള്ള ഒരു വാടക കരാറും ഗ്രാമപഞ്ചായത്തുമായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഗ്രാമപഞ്ചായത്തിന്റെ പുല്ലൂരാംപാറയിലെ കെട്ടിടത്തിൽനിന്ന് 15 ദിവസത്തിനകം യന്ത്രങ്ങൾ ഉൾപ്പെടെ ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചിരിക്കുകയാണ്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ഗുണപ്രദമായേക്കാവുന്ന കാർഷികോൽപന്ന സംസ്കരണ കേന്ദ്രത്തെയാണ് ഗ്രാമപഞ്ചായത്ത് വട്ടം കറക്കുന്നത്. പഴവർഗങ്ങൾ, ജാതി, മരച്ചീനി ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളുടെ ശേഖരണ-സംസ്കരണത്തിന് സഹായമാകുന്നതായിരുന്നു കേന്ദ്ര സർക്കാർ നൽകിയ യന്ത്രങ്ങൾ.
മുൻ വർഷങ്ങളിലെ കെട്ടിട വാടക ആവശ്യപ്പെടാൻ കാരണം ഓഡിറ്റ് തടസ്സമുണ്ടാകാതിരിക്കാനാണെന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം.കർഷക വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്തിനെതിരെ ജനരോഷമുയരണമെന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോളി ജോസഫും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭരണ സമിതിയിലെ സി.പി.എം പ്രതിനിധി കെ.എം. മുഹമ്മദാലിയും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.