കാട്ടുപന്നി നായാട്ട്: വനംവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsതിരുവമ്പാടി: തിരുവമ്പാടി പുന്നക്കലിൽ കാട്ടുപന്നികളെ അനധികൃതമായി നായാട്ട് നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ആറ് കാട്ടുപന്നികളെ നായാട്ട് നടത്തി പിടികൂടിയ സംഭവത്തിലാണ് ജില്ല വനം വകുപ്പ് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രാഥമികാന്വേഷണത്തിന് എത്തിയത്. പന്നികളെ വെടിവെച്ച് കൊന്നതിന്റെ ചിത്രങ്ങളില്ലെന്നും ജഡങ്ങൾ സംസ്കരിക്കുന്നതിന് പകരം ഭക്ഷ്യവിഭവമാക്കി മാറ്റിയതായും സംശയമുയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് വിജിലൻസിൽ പരാതിയെത്തിയതെന്നാണ് സൂചന. ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ പുന്നക്കൽ വഴിക്കടവിൽ ജൂലൈ ആദ്യവാരം അനധികൃത പന്നിവേട്ട നടന്നതായാണ് പരാതി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ഗ്രാമപഞ്ചായത്തംഗം ഷൈനി ബെന്നി എന്നിവരുടെ സാന്നിധ്യത്തിൽ പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നി നായാട്ട് നടന്നതായി ഒരു പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, പുന്നക്കലിൽ പന്നികളെ വെടിവെച്ചത് തന്റെ അനുമതിയോടെയാണെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ‘മാധ്യമ’ത്തോട് പറഞ്ഞു. വെടിവെച്ചിട്ട പന്നികളുടെ ചിത്രങ്ങളുണ്ടെന്നും അവർ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ച് കൊന്നതിന് ഫണ്ട് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചെങ്കിലും നിയമാനുസൃതമല്ലാത്തതിനാൽ നിരസിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.