പുല്ലൂരാംപാറ ഹൗസിങ് ബോർഡ് ഭൂമിയിൽ കാട്ടുപന്നികൾ പെരുകുന്നു
text_fieldsതിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡിലെ ഹൗസിങ് ബോർഡിന്റെ രണ്ടേക്കർ ഭൂമി കാടുപിടിച്ച് കാട്ടുപന്നികളുടെ ആവാസകേന്ദ്രം. വർഷങ്ങൾക്ക് മുമ്പ് ഹൗസിങ് ബോർഡ് ഏറ്റെടുത്ത സ്ഥലമാണിത്. പ്രദേശവാസികളുടെ കൃഷിയിടങ്ങൾക്ക് ഭീഷണിയായ കാട്ടുപന്നികൾ കാടുമൂടിയ സ്ഥലമാണ് താവളമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം പ്രദേശത്തെ കർഷകരുടെ തെങ്ങിൻ തൈകൾ, ജാതി, മരച്ചീനി, ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചിരുന്നു. ജോൺസൺ താന്നിപൊതിയിൽ, ജോയി തത്തക്കാട്ട് എന്നീ കർഷകർക്കാണ് കൂടുതൽ കൃഷിനാശം സംഭവിച്ചത്. പകൽ സമയത്തും കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വിഹരിക്കുന്നുണ്ട്.
ഹൗസിങ് ബോർഡ് സ്ഥലത്തെ കാട് വൃത്തിയാക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, ജില്ല വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കാതെരുവിൽ എന്നിവർ ആവശ്യപ്പെട്ടു. ജുബിൽ മണ്ണുകുശുമ്പിൽ, ഷിജു ചെമ്പനാനി, ബിനു സി. കുര്യൻ, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, സോണി മണ്ഡപത്തിൽ, ജോസ് പുളിക്കാട്ട്, ജോയി നെല്ലിപ്പുഴ എന്നിവരും സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
സ്ഥലം സുരക്ഷിതമാക്കേണ്ടത് സർക്കാർ -കോൺഗ്രസ്
തിരുവമ്പാടി: കാടുമൂടിയ പുല്ലൂരാംപാറയിലെ ഹൗസിങ് ബോർഡ് സ്ഥലം സുരക്ഷിതമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ഹൗസിങ് ബോർഡിനെതിരെ സമരപരിപാടികൾ നടത്തും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, മേഴ്സി പുളിക്കാട്ട്, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മനോജ് വാഴേപ്പറമ്പിൽ, ജുബിൻ മണ്ണൂകു ശമ്പിൽ, സോമി വെട്ടുകാട്ട്, ഷിജു ചെമ്പനാനി, ജോസ് പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിന്റെ അനാസ്ഥ -കർഷക സംഘം
തിരുവമ്പാടി: പഞ്ചായത്തിന്റെ അനാസ്ഥയാണ് പൂല്ലൂരാംപാറയിലെ ഹൗസിങ് ബോർഡ് സ്ഥലം കാടുമൂടാൻ കാരണമെന്ന് കർഷകസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. കാടു വെട്ടിത്തെളിച്ച് കൃഷിയിടങ്ങൾ സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. കർഷകസംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, ഇ.കെ. സാജു, ബെന്നി മണിമലത്തറപ്പിൽ, പി.എം. മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.