കൃഷിയിടം വിടാതെ കാട്ടാന; കഴിഞ്ഞ ദിവസം സൗരോർജ വേലിയും തകർത്തു
text_fieldsപുല്ലൂരാംപാറ മേലെ
പൊന്നാങ്കയത്തെ കൃഷിയിടത്തിലെ സൗരോർജ വേലി കാട്ടാന തകർത്ത നിലയിൽ
തിരുവമ്പാടി: വന്യമൃഗ ആക്രമണം രൂക്ഷമായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്തെ കർഷകർ നിസ്സഹായാവസ്ഥയിൽ. കാട്ടാനയും കാട്ടുപന്നിയുമാണ് കൃഷിയിടം വിടാതെ കർഷകർക്ക് ദുരിതമായി മാറുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ കൃഷിയിടങ്ങളിലാണ് വന്യമൃഗങ്ങൾ നാശം വിതക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ ജോസ് കുട്ടി മണിക്കൊമ്പേലിന്റെ കൃഷിയിടത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇദ്ദേഹം കൃഷിയിടത്തിന് സംരക്ഷണമായി ഗ്രാമപഞ്ചായത്തിന്റെ സബ്സിഡിയോടെ സ്ഥാപിച്ച സൗരോർജ വേലി കാട്ടാന തകർത്തു. 50,000 രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്.
കാട്ടുപന്നിയും കുരങ്ങുകളും കൃഷിയിടത്തിൽ പതിവായി എത്തി നാശനഷ്ടമുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് കർഷകർ കൃഷി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണുള്ളത്. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കർഷകർ ജീവൻ രക്ഷാർഥം മേലെ പൊന്നാങ്കയത്തുനിന്ന് കുടിയിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകർ പറഞ്ഞു.
കാട്ടാന ആക്രമണം രൂക്ഷമായ മേലെ പൊന്നാങ്കയത്തെ ദുരിതമറിയാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രദേശം സന്ദർശിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. കർഷക കോൺഗ്രസ് യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജോ പടിഞ്ഞാറെകുറ്റ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ജില്ല ജനറൽ സെക്രട്ടറി ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, സോണി മണ്ഡപത്തിൽ, ബേബിച്ചൻ കൊച്ചുവേലി, ബിനു പുതുപ്പറമ്പിൽ, പുരുഷൻ നെല്ലിമൂട്ടിൽ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.