പെൺകരുത്ത് ‘ദേശാടനം’ തുടരുന്നു
text_fieldsതിരുവമ്പാടി: വിനോദ സഞ്ചാരത്തിനായുള്ള വനിത കൂട്ടായ്മ യാത്ര തുടരുകയാണ്. അധ്യാപകരായ എം.എൽ. ഷീജ, മില്ലി മോഹൻ, പി. സ്മിന എന്നിവരുടെ നേതൃത്വത്തിലുള്ള വിനോദസഞ്ചാര കൂട്ടായ്മ ‘ദേശാടനം’ പത്തു വർഷം പിന്നിടുകയാണ്. 2013 സെപ്റ്റംബറിലായിരുന്നു ദേശാടനത്തിന്റെ പിറവി. പത്തു വർഷത്തിനിടെ അന്തർസംസ്ഥാന യാത്രകൾ ഉൾപ്പെടെ നിരവധി യാത്രകളാണ് വനിത കൂട്ടായ്മ നടത്തിയത്.
തുടക്കത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ ദീർഘദൂര യാത്രകൾ മാത്രമായിരുന്നു സംഘടിപ്പിച്ചിരുന്നത്. കോവിഡാനന്തര കാലം കൂടുതൽ യാത്രകളൊരുക്കി. നിലവിൽ മാസത്തിൽ ഓരോ ഏകദിന യാത്രയും വർഷത്തിൽ രണ്ടോ മൂന്നോ ദീർഘദൂര യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. കശ്മീർ, ഉത്തരാഖണ്ഡ്, അന്തമാൻ ദ്വീപുകൾ, കൊൽക്കത്ത, ഹൈദരബാദ് തുടങ്ങിയ യാത്രകൾ നടത്തി. കേരള കലാമണ്ഡലം, തസ്രാക്ക് തുടങ്ങി കലാ സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും ഇതിനകം സന്ദർശിച്ചു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളും വിദേശ സഞ്ചാരവുമാണ് പെൺകരുത്ത് ഇനി ലക്ഷ്യമിടുന്നത്. സംഘം സമൂഹ മാധ്യമങ്ങളിൽ യാത്രാവിവരണങ്ങൾ പങ്കുവെക്കാറുണ്ട്. വിദ്യാർഥിനികൾ, വീട്ടമ്മമാർ, അധ്യാപികമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ തുറകളിലുള്ള സ്ത്രീകൾ സംഘത്തിലുണ്ട്.
സ്വന്തമായി വരുമാനമില്ലാത്ത വിദ്യാർഥിനികൾക്കും സ്ത്രീകൾക്കും സൗജന്യയാത്ര സൗകര്യവും സഹയാത്രികർ തന്നെ ഒരുക്കുന്നു. വനിതദിന യാത്രകൾക്കും മികച്ച യാത്രാവിവരണങ്ങൾക്കുമുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഈ വർഷത്തെ പുരസ്കാരം ദേശാടനം കോഓഡിനേറ്റർ എം.എൽ. ഷീജക്കാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.