യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് കുടുംബം
text_fieldsതിരുവമ്പാടി: യുവതിയുടെ ആത്മഹത്യ ഭർതൃപീഡനം മൂലമെന്ന് കുടുംബത്തിന്റെ പരാതി. ജൂൺ 20നാണ് പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് (20) ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് താമരശ്ശേരി ഡിവൈ.എസ്.പിക്കും തിരുവമ്പാടി പൊലീസിലും പരാതി നൽകി.
ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. ഒമ്പതു മാസമുള്ള പെൺകുട്ടിയുണ്ട്. ഭർത്താവിന്റെ സ്ത്രീധന പീഡനവും ഭർതൃമാതാവിന്റെ മാനസിക പീഡനവുമാണ് മകളുടെ മരണത്തിനു കാരണമെന്ന് പിതാവ് മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുസ്സലാം പറഞ്ഞു. ബൈക്ക് വാങ്ങാനായി 50,000 രൂപ ശിഹാബുദ്ദീൻ ആവശ്യപ്പെട്ടിരുന്നു. 25,000 രൂപ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു. മകൾക്ക് ലഭിച്ച മഹർ കാണാനില്ല. ഭർത്താവിന്റെ മദ്യപാനവും ദുരിതമായിരുന്നു. മകളുടെ ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചതായി സംശയമുണ്ടെന്നും അബ്ദുസ്സലാം പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.