പലിശക്കെണിയൊരുക്കി കിടപ്പാടം തട്ടുന്നവർ വീണ്ടും സജീവം
text_fieldsകോഴിക്കോട്: പലിശക്കെണിയൊരുക്കി പാവങ്ങളുടെ കിടപ്പാടമടക്കം തട്ടുന്ന സംഘങ്ങൾ ഇടവേളക്കുശേഷം വീണ്ടും നാട്ടിൻപുറങ്ങളിൽ സജീവമാകുന്നു. താമരശ്ശേരി, ബാലുശ്ശേരി, വടകര, കക്കയം എന്നിവിടങ്ങളിൽനിന്നാണ് ഇത്തരത്തിലുള്ള പരാതികൾ ഉയർന്നത്.
മാവൂർ റോഡിലെ സ്ഥാപനമാണ് കക്കയത്തെ സ്ത്രീയുടെ നാല് സെൻറ് പുരയിടം പലിശക്കെണിയിൽ കൈക്കലാക്കാൻ ശ്രമിച്ചത്. കോവിഡ് സമസ്ത മേഖലകളെയും സ്തംഭനത്തിലാക്കിയ വേളയിൽപോലും കണ്ണിൽ ചോരയില്ലാതെയാണ് ഇത്തരക്കാർ പെരുമാറുന്നത് എന്നാണ് പരാതി.
വസ്തുവിെൻറ ആധാരം, ചെക്ക് ലീഫുകൾ എന്നിവ ഈട് നൽകി സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം കടം വാങ്ങിയ പലർക്കും തുടരെയുള്ള ലോക്ഡൗണും മറ്റും കാരണം പലിശപോലും തിരിച്ചടക്കാൻ കഴിയുന്നില്ല. പലിശയടക്കാൻ സാവകാശംപോലും നൽകാത്ത ചിലരാണ് ഇരട്ടിപ്പലിശ ഈടാക്കുന്നതും അവസരം മുതലാക്കി കിടപ്പാടമടക്കം കൈക്കലാക്കാനും ശ്രമിക്കുന്നത്. അംഗീകൃത സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വർണപ്പണയത്തിലും വസ്തു വായ്പയിലും വിട്ടുവീഴ്ചയില്ലാതെയാണ് പ്രവർത്തിക്കുന്നത്.
പ്രളയകാലത്ത് വിവിധ കോണുകളിൽനിന്ന് ഇത്തരക്കാർക്കെതിരെ കടുത്ത പ്രതിഷേധമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിഷയത്തിലിടപെടുകയും തിരിച്ചടവ് മുടങ്ങിയതിന്മേലുള്ള നടപടികൾ നിർത്തിവെക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ ഇത്തരത്തിലൊരാനുകൂല്യവും ലഭിക്കുന്നില്ലെന്നാണ് കടക്കെണിയിലകപ്പെട്ടവർ പറയുന്നത്.
ദേശസാത്കൃത ബാങ്കുകൾ നേരത്തെ നാല് ശതമാനം പലിശക്ക് യഥേഷ്ടം സ്വർണപ്പണയ വായ്പ നൽകിയിരുന്നു. ഇത് പെട്ടെന്ന് നിർത്തിവെച്ചതാണ് സാധാരണക്കാരിലധികവും സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെ കടക്കെണിയിലകപ്പെടാനിടയാക്കിയത്. വായ്പ വാങ്ങി കച്ചവടവും കുടിൽ വ്യവസായവും ആരംഭിച്ചവർ കോവിഡ് കാരണം രക്ഷപ്പെടാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
ഓപറേഷൻ കുബേര പുനരാരംഭിക്കണമെന്ന് ആവശ്യം
കോഴിക്കോട്: ഓപറേഷൻ കുബേര പുനരാരംഭിച്ച് ജില്ലയിലെ കൊള്ളപ്പലിശ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സംസ്ഥാനതലത്തിൽ ഒാപറേഷൻ കുബേര തുടങ്ങിയത്. കൊള്ളപ്പലിശ ഈടാക്കൽ, കൃത്രിമ രേഖയുണ്ടാക്കി വസ്തുതട്ടൽ, കടക്കാർക്കെതിരെ വ്യാജ പരാതി നൽകൽ, ഭീഷണിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ എന്നീ കുറ്റങ്ങളടക്കം ചുമത്തി കുബേരയിൽ നൂറോളം കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ജില്ല പൊലീസ് മേധാവികൾ അദാലത്തുകൾ നടത്തിയതിനാൽ നിരവധിപേർ പരാതി നൽകുകയും ചെയ്തിരുന്നു. വൻ സ്വീകാര്യത ലഭിച്ച പദ്ധതി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദത്താലാണ് നിലച്ചതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.