കോഴിക്കോട് ബീച്ചിലെത്തിയത് ആയിരങ്ങൾ; പുതുവത്സരാഘോഷം നിയന്ത്രിച്ച് പൊലീസ്
text_fieldsകോഴിക്കോട്: ഒമിക്രോൺ വ്യാപന ഭീഷണിയെ തുടർന്ന് പുതുവത്സരാഘോഷങ്ങൾ സിറ്റി പൊലീസ് നിയന്ത്രിച്ചെങ്കിലും ബീച്ചിലേക്കെത്തിയത് ആയിരക്കണക്കിനാളുകൾ. വെള്ളിയാഴ്ച രാത്രി ആഘോഷങ്ങൾ വേണ്ടെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് നഗരപരിധിയിലും നിയന്ത്രണം ശക്തമാക്കിയത്.
ഇതിെൻറ ഭാഗമായി വൈകീട്ട് ആറോടെതന്നെ കോഴിക്കോട് കടപ്പുറത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് വിലക്കിയെങ്കിലും ഊടുവഴികളിലൂടെയും മറ്റും ഇതര ജില്ലകളിൽനിന്നടക്കമുള്ളവർ ബീച്ചിലേക്കെത്തി. രാത്രി ഏഴോടെ ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചെങ്കിലും പത്തുമണിയോടെയാണ് ആളുകൾ ഒഴിഞ്ഞുപോയത്.
ഇതിനുമുമ്പേതന്നെ ഉപ്പിലിട്ടതിെൻറതടക്കം തട്ടുകടകളും തുടർന്ന് ബീച്ച് ഭാഗത്തെ ഹോട്ടലുകളും റസ്റ്റാറന്റുകളും ഐസ്ക്രീം പാർലറുകളുമെല്ലാം പൊലീസ് അടപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെതന്നെ ബീച്ചിൽ വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ജില്ലയിൽനിന്നുള്ളവർക്കുപുറമെ മലപ്പുറം, വയനാട് എന്നിവിടങ്ങളിൽനിന്നുള്ളവരടക്കമാണ് ഇങ്ങോട്ട് ഒഴുകിയത്.
രാത്രി പത്തു മുതൽ രാവിലെ അഞ്ചു വരെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കുന്നത് വ്യാഴാഴ്ചതന്നെ പൊലീസ് ആരംഭിച്ചിരുന്നു. അനാവശ്യമായി നഗരത്തിലെത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പും രംഗത്തുണ്ടായിരുന്നു. നിയന്ത്രണം ഉറപ്പാക്കുന്നതിെൻറ ഭാഗമായി പൊലീസ് പകലും രാത്രിയിലുമായി നഗരത്തിലെ ഒട്ടുമിക്ക ഹോട്ടൽ ആൻഡ് ലോഡ്ജുകളിലും വിവിധ ഫ്ലാറ്റുകളിലും പരിശോധന നടത്തി. മാളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ആളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
പുതുവത്സരാഘോഷത്തിെൻറ ഭാഗമായി ആളുകൾ വൻതോതിൽ എത്തുന്നത് നിയന്ത്രിക്കാൻ സിറ്റിയിൽ അധികമായി ഏഴുന്നൂറോളം പൊലീസുകാരെയാണ് നിയോഗിച്ചത്. രാത്രി പത്തോടെ നഗരാതിർത്തികളിലെല്ലാം പൊലീസ് പരിശോധന നടത്തി. രാത്രി പരിശോധനക്ക് ഡി.സി.പി സ്വപ്നിൽ എം. മഹാജൻ, സൗത്ത് അസി. കമീഷണർ പി. ബിജുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.