അപകട ഭീഷണി; പെരുന്തുരുത്തിപാലം അടച്ചു, പിന്നെ തുറന്നു
text_fieldsകോഴിക്കോട്: അപകട ഭീഷണിയെ തുടർന്ന് മംഗലപ്പുഴക്ക് കുറുകെയുള്ള പെരുന്തുരുത്തിപാലം കോർപറേഷൻ അടച്ചു. പെരുന്തുരുത്തിയിൽ നിന്ന് എലത്തൂരിലേക്കുള്ള എളുപ്പമാർഗമായ പാലം അടച്ചതോടെ നിരവധി കുടുംബങ്ങളും വിദ്യാർഥികളുമാണ് ദുരിതത്തിലായത്. യാതൊരു മുന്നറിയിപ്പും ബദൽ സംവിധാനവും ഒരുക്കാതെ പാലം അടച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ സി.പി.എം പ്രവർത്തകർ ഇടപെട്ട് പാലം തുറന്നു.
ബദൽ സംവിധാനം ഒരുക്കിയശേഷമേ പാലം അടക്കാവൂ എന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. തലക്കുളത്തൂരിനെയും എലത്തൂരിനെയും ബന്ധിപ്പിച്ച് ഇരുമ്പു തൂണുകൾ സ്ഥാപിച്ചുള്ള നടപ്പാലം 2020 ലാണ് നിർമിച്ചത്. അപകട ഭീഷണി ഉയർന്നതോടെയായിരുന്നു യാത്ര വിലക്കി പാലം അടച്ചത്. എ.സി. ഷൺമുഖദാസ് എം.എൽ.എ ആയിരുന്ന കാലത്തായിരുന്നു ആദ്യമായി പുഴക്ക് കുറുകെ മരം പാകിയുള്ള പാലം നിർമിച്ചത്. ഈ പാലം നശിച്ചതോടെ കോൺക്രീറ്റ് സ്ലാബ് പതിച്ച പാലം നിർമിച്ചു.
എന്നാൽ, ഇതും നിലംപൊത്തി. തുടർന്നാണ് 28 ലക്ഷം രൂപ ചെലവിൽ കോർപറേഷൻ പുതിയ പാലം നിർമിച്ചത്. ഇപ്പോൾ ഈ പാലവും അപകട ഭീഷണിയിലായി. ഇതോടെയാണ് ഇതുവഴിയുള്ള യാത്ര വിലക്കിയത്. ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സമുള്ളതിനാൽ പാലം പൊളിച്ചുമാറ്റാൻ ജലവിഭവവകുപ്പ് കോർപറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജലവിഭവവകുപ്പ് പാലം പണിയുമെന്ന് ഉറപ്പ് നൽകിയാൽ പൊളിക്കാമെന്നായിരുന്നു അന്ന് കോർപറേഷൻ നിലപാടെടുത്തത്. എന്നാൽ, ഇക്കാര്യത്തിൽ സമവായത്തിലെത്തിയില്ല. ഇതോടെ നിലവിലുള്ള പാലം സംരക്ഷിക്കാതായി. തുടർന്നാണ് കാൽനട യാത്രക്ക് പോലും സാധിക്കാത്ത വിധം അപകടഭീതിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.