പൂനൂരിൽ വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന; രണ്ടു യുവതികളടക്കം മൂന്നുപേർ പിടിയിൽ
text_fieldsരാധ മേത്ത, ചാന്ദിനി ഖാത്തൂൻ, ജൈസൽ
പൂനൂർ: വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന ഇതര സംസ്ഥാനക്കാരായ രണ്ടു യുവതികളടക്കം മൂന്നുപേർ ബാലുശ്ശേരി പൊലീസിന്റെ പിടിയിലായി. പൂനൂർ 19ൽ വാടകക്ക് താമസിക്കുന്ന ബാലുശ്ശേരി എരമംഗലം ഒലോതലക്കൽ ചെട്ടിയാംവീട്ടിൽ ജൈസൽ (44), ഹൈദരാബാദ് ആർ.ബി.ഐ കോളനി സ്വദേശിനി ചാന്ദിനി ഖാത്തൂൻ (27), ബംഗളൂരു സ്വദേശിനി രാധ മേത്ത (26) എന്നിവരെയാണ് രണ്ടുഗ്രാം എം.ഡി.എം.എയും തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും സഹിതം പിടികൂടിയത്.
കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈ.എസ്.പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പൊലീസ് സംഘം സംയുക്തമായാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇവർ താമസിക്കുന്ന പൂനൂർ 19ലെ വാടക ക്വാർട്ടേഴ്സിൽനിന്ന് മൂവർസംഘം വലയിലായത്.
ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം.ഡി.എം.എ വിതരണം ചെയ്യുന്ന ഇവർ രണ്ടുമാസത്തോളമായി പൂനൂർ 19 ലെ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് വലിയതോതിൽ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന ആളാണ് ജൈസലെന്നും കൂടെയുള്ള യുവതികളാണ് വിൽപന നടത്തുന്നതെന്നും പൊലീസ് അറിയിച്ചു. യുവതികളിൽ ഒരാൾ ജൈസലിന്റെ കാമുകിയും മറ്റൊരാൾ സുഹൃത്തുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പൂനൂരിലും പരിസരങ്ങളിലും ബാലുശ്ശേരി പൊലീസിന്റെയും താമരശ്ശേരി എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തിവരികയാണ്.
ബ്രൗൺഷുഗറും കഞ്ചാവുമായി കഴിഞ്ഞ ദിവസം പൂനൂരിൽ വെച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ താമരശ്ശേരി എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. പൂനൂർ കേന്ദ്രീകരിച്ച് മേഖലയിൽ പരിശോധന വ്യാപകമാക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.