കടുവയെ കണ്ടെത്താനായില്ല; മാർച്ചിൽ ജനരോഷമിരമ്പി
text_fieldsപുൽപള്ളി: ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പുൽപള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ ജനരോഷമിരമ്പി. മാർച്ചിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
പുൽപള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി -ചേപ്പില പ്രദേശങ്ങൾ ഒരാഴ്ചയായി കടുവഭീതിയിലാണ്. കടുവയെ തുരത്തുന്നതിന് പകരം കൂട് െവച്ച് പിടികൂടി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കടുവയെ പ്രദേശത്ത് നിന്നും മാറ്റാത്തപക്ഷം വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. വിവിധ വാർഡ് അംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് ശോഭ സുകു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിൽ സി. കുമാർ, ജോമെറ്റ്, ബാബു കണ്ടത്തിൻകര, മാത്യു മത്തായി, ആതിര തുടങ്ങിയവർ സംസാരിച്ചു. അതേസമയം, കടുവയെ കണ്ടെത്തി തുരത്താനുള്ള കഠിനപ്രയത്നത്തിലാണ് വനപാലകർ. തുടർച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കടുവയെ നേരിടാൻ വടിയും ഫൈബർ ഷീൽഡും കൈവശം വെച്ചുകൊണ്ടാണ് പരിശോധന. ശനിയാഴ്ച പുൽപള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
മൂന്നു ടീമുകളായിട്ടായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച തിരച്ചിൽ വൈകിട്ട് വരെ നീണ്ടുനിന്നു. പഴുതടച്ചാണ് പരിശോധനയെന്ന് ഫോറസ്റ്റർ മണികണ്ഠൻ പറഞ്ഞു. വനപാലകർക്കൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.
വ്യാഴാഴ്ച മുതലാണ് കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. ഒരുഭാഗത്ത് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാകുമ്പോഴും മറുഭാഗത്ത് കൂടുവെച്ച് എത്രയും വേഗം കടുവയെ പിടികൂടി ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധവും ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.