വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷ
text_fieldsകോഴിക്കോട്: ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച. വെള്ളിമാടുകുന്ന് ജെ.ഡി.ടിയിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ.
രാവിലെ എട്ടോടെ ഹോം വോട്ടുകള്‍, അവശ്യ സർവിസ് വോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതിനായി ഓരോ മണ്ഡലത്തിനും 30 വീതം ടേബിളുകളാണ് സജ്ജമാക്കിയത്. ഇവ ഉച്ചക്ക് 12ഓടെ എണ്ണിത്തീരുമെന്നാണ് കരുതുന്നത്.
നിയമസഭ മണ്ഡലംതലത്തില്‍ 14 ടേബിളുകളിലായി എട്ടരയോടെ തുടങ്ങുന്ന ഇ.വി.എം വോട്ടെണ്ണല്‍ ഉച്ചക്ക് രണ്ടോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണലിന് വിപുല ഒരുക്കമാണ് ജില്ല ഭരണകൂടത്തിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നേതൃത്വത്തിൽ നടത്തിയത്.
വോട്ടെണ്ണൽ കേന്ദ്രത്തിനും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കുക. പ്രശ്നബാധിത ബൂത്തുകൾ ഏറെയുള്ള വടകര ലോക്സഭ മണ്ഡലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനും വിപുല സംവിധാനം ഒരുക്കിയിട്ടുണ്ട്.
വ്യാജ, തെറ്റിദ്ധാരണ പരത്തുന്ന വാർത്ത/കണ്ടന്റ് പ്രത്യക്ഷപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പുകളിലെ അഡ്മിന്മര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കി. ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ആഹ്ലാദ പ്രകടനങ്ങള്‍ രാത്രി ഏഴോടെ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
യു.ഡി.എഫും എൽ.ഡി.എഫും വിജയ പ്രതീക്ഷയിൽ
കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും വിജയ പ്രതീക്ഷയിൽ. കോഴിക്കോട്ടെ സിറ്റിങ് എം.പി യു.ഡി.എഫിലെ എം.കെ. രാഘവനിത് നാലാമൂഴമാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം രാജ്യസഭ എം.പിയാണെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിതാദ്യമാണ്.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി. ഇദ്ദേഹത്തെ നേരിട്ടതാവട്ടെ എൽ.ഡി.എഫിന്റെ മട്ടന്നൂർ എം.എൽ.എയായ കെ.കെ. ശൈലജയും. വടകരയിലെ ഫലം വരുന്നതോടെ മട്ടന്നൂർ, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലൊന്നിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും.
യു.ഡി.എഫ് സ്ഥാനാർഥികൾ കോഴിക്കോട്ടും വടകരയിലും ഓരോ ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അവകാശപ്പെടുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥികൾ തിളക്കമാർന്ന വിജയം നേടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും പറയുന്നു. എം.ടി. രമേശും പ്രഫുൽ കൃഷ്ണനുമാണ് കോഴിക്കോട്ടെയും വടകരയിലെയും എൻ.ഡി.എ സ്ഥാനാർഥികൾ. ഇരുവരും വോട്ടുവിഹിതം വലിയതോതിൽ ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.