ഭവനവായ്പ കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി നീട്ടി
text_fieldsകോഴിക്കോട്: ഭവനവായ്പ കുടിശ്ശിക തീർപ്പാക്കുന്നതിന് കാലാവധി നീട്ടി നൽകി സർക്കാർ ഉത്തരവായി. ഭവനവായ്പ കുടിശ്ശിക തീർപ്പാക്കുന്നതിന് ജില്ല തലത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്.
ഭവനവായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനായി ഒരുവിധ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കുകയില്ലെന്ന വ്യവസ്ഥയിൽ അദാലത്തിൽ നിശ്ചയിക്കുന്ന വായ്പാതുക ഒടുക്കുന്നതിനുള്ള സമയപരിധി 2024 മേയ് 31 വരെ ദീർഘിപ്പിച്ചാണ് പുതിയ ഉത്തരവ് നൽകിയത്.
സംസ്ഥാന ഭവന നിർമാണ ബോർഡിൽ ഭവന വായ്പ കുടിശ്ശിക വരുത്തിയവർക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരുന്നു. കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കളുടെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി അവരുടെ സാമ്പത്തികശേഷി, ആസ്തി, മറ്റ് വസ്തുവകകൾ മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ എട്ടു വിഭാഗങ്ങളാക്കി തരംതിരിച്ച് അദാലത്തുൾപ്പെടെ നടത്താനായിരുന്നു തീരുമാനം.
ഭവന നിർമാണ വകുപ്പിന്റെ മേൽനോട്ടത്തിൽ റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ ജില്ലതല അദാലത്തുകൾ നടത്തുന്നതിന് നടപടികളുമാരംഭിച്ചിരുന്നു.
വിവിധ ജില്ലകളിലായി ആകെ ഉണ്ടായിരുന്ന 2547 കുടിശ്ശിക ഫയലുകളിൽ 1216 ഫയലുകൾ തീർപ്പാക്കി 22.28 കോടി രൂപ ബോർഡ് പിരിച്ചെടുത്തിരുന്നു. തീർപ്പാക്കാനുള്ള 1331 ഫയലുകളിലും വിവിധ കാരണങ്ങളാൽ അദാലത്തിൽ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ലാത്ത ഫയലുകളിലും മാനദണ്ഡങ്ങളിൽ കുടുതൽ ഇളവ് നൽകിയാൽ കൂടുതൽ പേർക്ക് അദാലത്തിൽ പങ്കെടുത്ത് കുടിശ്ശിക തീർപ്പാക്കാമെന്ന് ബോർഡ് സെക്രട്ടറി അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി ദീർഘിപ്പിച്ചു നൽകിയത്.
ഭാവിയിൽ കുടിശ്ശിക വായ്പാ തുക അടക്കുന്നതിന് ഭവനനിർമാണ ബോർഡിന് കാലാവധി ദീർഘിപ്പിക്കണമെങ്കിൽ സർക്കാറിന്റെ മുൻകൂർ അനുമതിവേണമെന്നും ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.