ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടം -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: ഭരണഘടന മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഭരണഘടനയുടെ ലക്ഷ്യം അതിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഏഴര പതിറ്റാണ്ട് പാരമ്പര്യമുള്ള ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
ഇന്ത്യയെ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. അവ രാജ്യത്തിന്റെ ജീവവായുവാണ്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളാണ് നമ്മുടെ കരുത്ത് -അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. സമത്വം ഇല്ലായിരുന്നുവെങ്കിൽ അനേകരുടെ മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കുന്നതായി മാറുമായിരുന്നു നമ്മുടെ ദസ്വാതന്ത്ര്യം -അംബേദ്കറെ ഉദ്ധരിച്ച് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച മന്ത്രി 28 പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. റൂറൽ എ.എസ്.പി അങ്കിത് സിങ് പരേഡ് കമാൻഡറും സിറ്റി ഹെഡ്ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ പി. മുരളീധരൻ സെക്കൻഡ് പരേഡ് കമാൻഡറുമായിരുന്നു.
മേയർ ബീന ഫിലിപ്, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, സബ് കലക്ടർ ഹർഷിൽ ആർ. മീണ, അസി. കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ, റൂറൽ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.