പ്രവർത്തനംനിലച്ച് തിരുവമ്പാടി വാതകശ്മശാനം
text_fieldsതിരുവമ്പാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിന്റെ പ്രവർത്തനം സാങ്കേതിക തകരാറിൽ നിലച്ചു. നവംബർ മൂന്നിന് ഉദ്ഘാടനം നടന്ന ശ്മശാനത്തിൽ ഒരു മൃതദേഹമാണ് സംസ്കരിക്കാൻ കഴിഞ്ഞത്. സാങ്കേതിക തകരാർ പരിഹരിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മലയോര മേഖലയിലെ ദലിത് കുടുംബങ്ങൾക്ക് ഗുണകരമാകുന്ന വാതക ശ്മശാനമാണ് നിശ്ചലമായത്. ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനത്തിനുള്ള പ്രവർത്തനങ്ങൾ 2005-10 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി തുടങ്ങിയതാണ്. 2015-20 കാലത്ത് വാതകശ്മശാന നിർമാണ പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും യാഥാർഥ്യമാക്കാനായിരുന്നില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020ൽ ശ്മശാന ഉദ്ഘാടന 'പ്രഹസന'വും നടന്നിരുന്നു. നിലവിലെ പഞ്ചായത്ത് ഭരണസമിതി പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ വാതകശ്മശാനമാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. സിൽക്ക് കമ്പനിയാണ് നിർമാണം നടത്തിയിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ചുവപ്പുനാടകൾ നീങ്ങി പ്രവർത്തനം നടത്താൻ മാസങ്ങൾ വേണ്ടിവരും. തകരാർ പരിഹരിക്കാൻ അഞ്ചുലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ് വാതകശ്മശാനം പ്രവർത്തനക്ഷമമാക്കാൻ വൈകുന്നതിന് കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.