തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം; കെ.എസ്.ഇ.ബി ചെയർമാന്റെ നടപടി സർക്കാർ തീരുമാനമല്ലെന്ന് സി.പി.എം
text_fieldsതിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടിയിൽ സെക്ഷൻ ഓഫിസ് ആക്രമണം ആരോപിച്ച് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകറിന്റെ നടപടി സർക്കാർ നിലപാടല്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി വി.കെ. വിനോദ്. തിരുവമ്പാടിയിൽ സെക്ഷൻ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജു പ്രഭാകറിന്റെ തെറ്റ് സർക്കാറിന് ഏറ്റെടുക്കാനാകില്ല. അതുകൊണ്ടാണ് വീട്ടിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. സർക്കാറിന്റെ മാനുഷിക സമീപനമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിലൂടെ വ്യക്തമായത്.
ഒരാൾ സെക്ഷൻ ഓഫിസിൽ ആക്രമണം നടത്തിയാൽ അവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് അംഗീകരിക്കാനാകില്ല. ഇടത് മുന്നണിയുടെ നിലപാടും ഇതുതന്നെയാണ്. ഏത് പ്രശ്നവും സർക്കാറിനെതിരാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഏരിയ സെക്രട്ടറി ആരോപിച്ചു.
സെക്ഷൻ ഓഫിസ് ആക്രമിച്ച് മൂന്ന് ലക്ഷം രൂപയോളം നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് നേതാക്കളായ അബ്രഹാം മാനുവൽ, ജോളി ജോസഫ്, കെ. ഫൈസൽ, സി. ഗണേഷ് ബാബു, മണ്ണംപ്ലാക്കൽ ബേബി, ജോസ് അഗസ്റ്റ്യൻ, റോയി തോമസ്, സി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.