'ടി.കെ: കാലത്തെ ജ്വലിപ്പിച്ച് കടന്നുപോയ മഹത്ത്വം'
text_fieldsകോഴിക്കോട്: കാലഘട്ടത്തെ ജ്വലിപ്പിച്ചാണ് ടി.കെ. അബ്ദുല്ല കടന്നുപോയതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച 'ടി.കെ. അബ്ദുല്ല സാഹിബ് -ൈധഷണിക ജീവിതത്തിെൻറ കരുത്ത്' എന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലാവുപോലെ പ്രവഹിക്കാനും ഇടിമിന്നൽ പോലെ പ്രകമ്പനമുണ്ടാക്കാനും ടി.കെക്ക് ഒരുപോലെ കഴിയുമായിരുന്നു. എല്ലാ കാലത്തും വേണമെന്ന് വെറുതെ ആശിച്ചുപോകുന്ന ചില പ്രകാശഗോപുരങ്ങളിലൊന്നായിരുന്നു ടി.കെ. അടിയന്തരാവസ്ഥ പിൻവലിച്ചയുടൻ അദ്ദേഹം മുതലക്കുളത്ത് നടത്തിയ പ്രഭാഷണം എക്കാലെത്തയും മികച്ചതായിരുന്നുവെന്നും സമദാനി പറഞ്ഞു.
നാടിന് അത്യാവശ്യമുള്ള കാലത്താണ് ടി.കെ യാത്രയായതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ഇസ്ലാം സമ്പൂർണമെന്ന് പറയുക മാത്രമല്ല അതിന് മാതൃകകാണിക്കാനും അദ്ദേഹത്തിനായി. ലാഭ നഷ്ടങ്ങൾ നോക്കാതെ ആദർശത്തിൽ ഉറച്ചുനിന്നയാളായിരുന്നു ടി.കെയെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ആയുസ്സ് മനോഹരവും കൃത്യവുമായി രേഖപ്പെടുത്തിയാണ് ടി.കെ കടന്നുപോയതെന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ശുദ്ധ മലയാളത്തിൽ ശ്രോതാക്കളെ പിടിച്ചുനിർത്തുംവിധം ആത്മസംയമനം വിടാത്ത വശ്യശൈലിയായിരുന്നു ടി.കെയുടേതെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യെൻറ മഹത്ത്വം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് പഠിപ്പിച്ച, എല്ലാ വിഭാഗങ്ങളോടും നല്ല ബന്ധം പുലർത്തിയയാളായിരുന്നു ടി.കെയെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
വിവരങ്ങളെ വിവേചിച്ച് മനസ്സിലാക്കാനും അതിനെ ഇസ്ലാമിക ആശയത്തിൽ കോർത്തിണക്കാനും ശേഷിയുണ്ടായിരുന്ന പാണ്ഡിത്യവും ആദർശശേഷിയുമാണ് ടി.കെയുടെ മൗലിക സിദ്ധിയെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി. രാമനുണ്ണി, പ്രഫ. എ.പി. അബ്ദുൽ വഹാബ്, പ്രഫ.പി. കോയ, പി.വി. റഹ്മാബി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരകുന്ന്, അബ്ദുശ്ശുക്കൂർ ഖാസിമി, കെ. അംബുജാക്ഷൻ, ഡോ.പി.കെ. പോക്കർ, വി.എ. കബീർ, കെ.ടി. സൂപ്പി, പി.സി. ഭാസ്ക്കരൻ, ടി.കെ.എം. ഇഖ്ബാൽ, വി.കെ. ജാബിർ എന്നിവർ സംസാരിച്ചു. വി.ടി. അബ്ദുല്ലക്കോയ തങ്ങൾ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.