പുതിയ ഷട്ടർ സ്ഥാപിച്ചു; രാമനാട്ടുകര മുട്ടിയ ചീർപ്പ് ഇന്ന് നാടിന് സമർപ്പിക്കും
text_fieldsരാമനാട്ടുകര: പുല്ലിപ്പുഴയിൽ നിന്നുള്ള ഉപ്പുവെള്ള ഭീഷണി തടയാൻ സ്റ്റീൽ ഷട്ടർ ഘടിപ്പിച്ചു നവീകരിച്ച മുട്ടിയ ചീർപ്പ് ഞായറാഴ്ച നാടിനു സമർപ്പിക്കും. രാവിലെ 10ന് നഗരസഭാധ്യക്ഷ ബുഷറ റഫീഖ് ചീർപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ പദ്ധതിയിൽ 39 ലക്ഷം രൂപ ചെലവിട്ടാണ് ജലവിഭവ വകുപ്പ് മെക്കാനിക്കൽ വിഭാഗം നേതൃത്വത്തിൽ ചീർപ്പിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
തുരുമ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അഞ്ച് സ്റ്റീൽ ഷട്ടറുകളാണ് ചീർപ്പിൽ ഒരുക്കിയത്. ഓരോന്നിനും 2.2 മീറ്റർ ഉയരവും ഏതാണ്ട് രണ്ടുമീറ്റർ വീതിയുമുണ്ട്. ചീർപ്പ് പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക ഗിയർ ബോക്സ് സംവിധാനവും സജ്ജമാക്കി.
നേരത്തേയുണ്ടായ കോൺക്രീറ്റ് തടയണ നിലനിർത്തിയതിനുപുറമെ പുതിയതു നിർമിച്ചുമാണ് ചീർപ്പ് പ്രവർത്തന സജ്ജമാക്കിയത്. ഇതോടൊപ്പം ചീർപ്പ് പാലത്തിനു കൈവരി സ്ഥാപിച്ചിട്ടുമുണ്ട്. രാമനാട്ടുകര, പൂവന്നൂർ പള്ളി, ഫറോക്ക് ചുങ്കം മേഖലയിലെ മഴവെള്ളം ചെത്തുപാലം തോട്ടിലൂടെയെത്തി മുട്ടിയറ വഴിയാണ് പുല്ലിപ്പുഴയിൽ ചേരുന്നത്.
മുട്ടിയറയിലെ ചീർപ്പ് കാലപ്പഴക്കത്താൽ പ്രവർത്തനരഹിതമായതോടെ വേനൽക്കാലത്ത് വേലിയേറ്റത്തിൽ തോട്ടിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് ഉപ്പുവെള്ളം കയറുക പതിവായിരുന്നു. ഇതു പ്രദേശത്തെ കിണറുകൾ മലിനമാക്കുന്നതിനൊപ്പം ചാലി പാടത്ത് കൃഷിനാശത്തിനും ഇടയാക്കാറുണ്ട്.
ഇത് പരിഗണിച്ചാണ് ചീർപ്പ് പുനർനിർമിക്കാൻ നഗരസഭ പദ്ധതിയിട്ടത്. സ്ഥിരം സ്റ്റീൽ ഷട്ടർ സ്ഥാപിച്ചതോടെ വേനൽക്കാലത്ത് ഇനി ചീർപ്പിനുസമീപം താൽക്കാലിക ബണ്ട് ഒരുക്കുന്നത് ഒഴിവാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.